Quantcast

വിവാഹശേഷം മൂന്നാം ദിനം വധുവിൻ്റെ സ്വർണവുമായി മുങ്ങിയ വരനെ പിടികൂടി

വധുവിന്‍റെ പേരിലുള്ള വീടും പുരയിടവും തന്‍റെ പേരിൽ എഴുതി വയ്ക്കണമെന്നും പുതിയ ബിഎംഡബ്ലിയു കാർ വാങ്ങി നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    26 Oct 2024 2:56 AM GMT

വിവാഹശേഷം മൂന്നാം ദിനം വധുവിൻ്റെ സ്വർണവുമായി മുങ്ങിയ വരനെ പിടികൂടി
X

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ വിവാഹ‌ ശേഷം മൂന്നാംദിനം വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചൽ കലമ്പാട്ടുവിള ദേവീകൃപയിൽ അനന്തു(34)വാണ് വർക്കല പോലീസിന്റെ പിടിയിലായത്. വർക്കല താജ് ഗേറ്റ് വേയിൽ വെച്ചായിരുന്നു ഫിസിയോതെറാപ്പിസ്റ്റായ അനന്തുവിന്റെ ആഡംബര വിവാഹം. വിവാഹശേഷം ഭർതൃവീട്ടിലെത്തിയ വധുവിനോട് ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്.

വധുവിന്റെ പേരിലുള്ള വീടും പുരയിടവും തന്‍റെ പേരിൽ എഴുതി വയ്ക്കണമെന്നും പുതിയ ബിഎംഡബ്ലിയു കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആനന്തുവും അച്ഛൻ ശശികുമാറും ചേർന്ന് യുവതിയെ മാനസികമായി സമ്മർദ്ദം ചെലുത്തുകയും പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

സ്വർണാഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ശരിയല്ല എന്നും ലോക്കറിൽ സൂക്ഷിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച 52 പവൻ സ്വർണാഭരണങ്ങൾ അനന്തു തന്ത്രപൂർവ്വം കൈക്കലാക്കുകയായിരുന്നു. തുടർന്ന് സ്വർണാഭരണങ്ങൾ 14 ലക്ഷം രൂപയ്ക്ക് അനന്തു പണയപ്പെടുത്തി.പണയം വെച്ച് കിട്ടിയ 14 ലക്ഷം രൂപയുമായി വിവാഹം കഴിഞ്ഞ് മൂന്നാം ദിനം അനന്തു വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിലും ബാംഗ്ലൂരുമായി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു അനന്തു.

യുവതിയുടെ പരാതിയെ തുടർന്ന് വർക്കല പോലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു.വർക്കല എഎസ്പി ദീപക് ധൻകറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതിയുടെ ഉടമസ്ഥതയിലുള്ള തൃശ്ശൂരിലെ ഫിസിയോതെറാപ്പി സെൻ്ററിൽ നിന്നും വർക്കല എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐ സലിം, ലിജോ ടോം ജോസ്, ബൈജു, രമേശൻ പിള്ള, വിനോദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് പിന്നിൽ. ഇന്നലെ വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി.

TAGS :

Next Story