Quantcast

'മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണത് പോലെയാണ് രാജി'; ഹുസൈൻ മടവൂരിന്റെ രാജിയെ പരിഹസിച്ച് വെള്ളാപ്പള്ളി

പണ്ടേ തീവ്രവാദം പറയുന്ന ആളാണ് ഹുസൈൻ മടവൂരെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-06-10 08:33:39.0

Published:

10 Jun 2024 8:20 AM GMT

മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണത് പോലെയാണ് രാജി; ഹുസൈൻ മടവൂരിന്റെ രാജിയെ പരിഹസിച്ച് വെള്ളാപ്പള്ളി
X

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഡോ. ഹുസൈൻ മടവൂർ

ആലപ്പുഴ: കേരള നവോത്ഥാന സമിതിയിൽ നിന്ന് രാജിവെച്ച വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂരിന്റെ രാജിയെ പരിഹസിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞത്. ഹുസൈൻ മടവൂർ പണ്ടേ മുസ്‌ലിംകളെ കുറിച്ച് തീവ്രവാദം പറഞ്ഞിട്ടുള്ള ആളാണ്. അങ്ങനെ ഒരാൾ നവോത്ഥാന സമിതിയിൽ ഇരിക്കാൻ അർഹനല്ല. അക്കാര്യം അദ്ദേഹത്തിനറിയാം. മാത്രമല്ല സമിതിയിൽ നിന്ന് രാജിവെക്കാൻ ആഗ്രഹിച്ചയാളാണ്. താനൊരു സത്യം പറഞ്ഞപ്പോൾ ഒരു കാരണം കണ്ടുപിടിച്ച് രാജിവെക്കുകയായിരുന്നു. അദ്ദേഹം രാജിവെച്ചാൽ തനിക്കൊന്നുമില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇതിൽ പ്രതിഷേധിച്ചാണ് ഹുസൈൻ മടവൂർ കേരള നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന സങ്കടകരമാണെന്നും. ആ സങ്കടം ബോധ്യപ്പെടുത്താനാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നത്. അദ്ദേഹം പ്രസ്താവന പിൻവലിക്കണമെന്നും ഹുസൈൻ മടവൂർ ആവശ്യപ്പെട്ടിരുന്നു.

മുസ്‌ലിം സമുദായം സർക്കാറിൽനിന്ന് അവിഹിതമായി പലതും നേടിയെടുക്കുകയാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍റെ ആരോപണം. ഇടതു സർക്കാർ മുസ്‌ലിം പ്രീണനം നടത്തിയതുകൊണ്ടാണ് ഈഴവർ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞതെന്നും അതാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

TAGS :

Next Story