'അവയവ കച്ചവടത്തിന് 20 പേരെ ഇറാനിൽ എത്തിച്ചു, കൂടുതലും ഉത്തരേന്ത്യക്കാർ'; മുഖ്യപ്രതിയുടെ മൊഴി
സാബിത്തിന്റെ രാജ്യാന്തര ബന്ധം തിരഞ്ഞ് അന്വേഷണ ഏജൻസി
കൊച്ചി: അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിൽ എത്തിച്ചിട്ടുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി. ഇവരിൽ ഉത്തരേന്ത്യക്കാരായിരുന്നു കൂടുതൽ പേരെന്നും വൃക്ക ദാതാക്കളെ ഫരീദിഖാൻ ആശുപത്രിയിൽ എത്തിച്ചെന്നും പിടിയിലായ സബിത്ത് നാസർ മൊഴി നൽകി. ഇരകൾക്ക് ആറ് ലക്ഷം വീതം നൽകിയെന്നും മൊഴിയിലുണ്ട്. സബിത്തിന്റെ രാജ്യാന്തര ബന്ധം കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും പിടിച്ചെടുത്ത മൊബൈല്‍ ഫോണും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെയാണ് അവയവ മാഫിയാ സംഘത്തിലെ പ്രധാനിയായ തൃശൂർ സ്വദേശി സബിത്തിനെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട പ്രകാരമാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം.
അന്താരാഷ്ട്ര അവയവ മാഫിയാ സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്ത്. കൂടുതൽ ആളുകൾക്ക് അവയവ മാഫിയയുമായി ബന്ധമുണ്ടെന്നാണ് ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിവിധ ജില്ലകളിലേക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
മലയാളികളെ വിദേശത്ത് കൊണ്ടുപോയി അവയവമാറ്റ ശസ്ത്രക്രിയ നടത്തി കുറഞ്ഞ വിലക്ക് അവയവം കൈക്കലാക്കുകയും പിന്നെ അത് വലിയ വിലക്ക് വിൽപ്പന നടത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ പ്രധാന ഏജന്റാണ് സബിത്ത് എന്നാണ് വിവരം.
Adjust Story Font
16