സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
വരും മണിക്കൂറുകളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്തുടനീളം ശക്തമായ മഴയുള്ളതായാണ് വിവരം. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രി മുതൽ ചെറിയ രീതിയിലെങ്കിലും തുടർച്ചയായ മഴയുണ്ട്.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയുള്ളതിനാൽ കേരള,ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം. മൂന്ന് ദിവസത്തേക്കാണ് ജാഗ്രതാ നിർദേശം. കർണാടക തീരത്ത് നിന്ന് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Adjust Story Font
16