ഒന്നര വര്‍ഷത്തിന് ശേഷം സ്കൂള്‍ തുറക്കുന്നു: സ്കൂള്‍ തുറക്കാന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും
ഒന്നര വര്‍ഷത്തിനുശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കര്‍മ്മ സമിതികളുടെയും നേതൃത്വത്തില്‍ ഇതു നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെ ഇനി മാനദണ്ഡങ്ങൾ നിശ്ചയിക്കണം. മാനദണ്ഡങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് തീരുമാനിക്കുക. സ്‌കൂള്‍ തുറക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് ലഭിക്കുക.
ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ഒന്നാം തീയതി തുറക്കുക. ഒരു ക്ലാസില്‍ ശരാശരി 40 കുട്ടികളാണ് ഓരോ ക്ലാസിലുമുള്ളത്. ഇവരെ ഒരുമിച്ചിരുത്തി ക്ലാസ് നടത്തുക കൊവിഡ് സാഹചര്യത്തില്‍ അസാധ്യമാണ്.
ഇതിനുള്ള ക്രമീകരണം എങ്ങനെ വേണമെന്നാണ് പൊതു വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിക്കുക. എത്ര കുട്ടികളെ ഒരു ക്ലാസില്‍ പ്രവേശിപ്പിക്കാം, ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വേണമോ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മതിയോ എന്നതും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കും. സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ എത്തിക്കുമ്പോഴുള്ള കൊവിഡ് മാനദണ്ഡങ്ങളിലും യോഗമാകും വ്യക്തത വരുത്തുക.
ഇതോടൊപ്പം ഒന്നര വര്‍ഷത്തിനുശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കര്‍മ്മ സമിതികളുടെയും നേതൃത്വത്തില്‍ ഇതു നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. പൊതു വിദ്യാഭ്യാസ വകുപ്പിനു മുന്നിലുള്ള ഒരു മാസത്തില്‍ താഴെയുള്ള സമയത്തിനുള്ളിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കണം.
Adjust Story Font
16