Quantcast

ദേശീയ പഞ്ചായത്ത് അവാർഡിൽ തിളങ്ങി കേരളം; 'കില'യ്ക്കും പെരുമ്പടപ്പ പഞ്ചായത്തിനും അംഗീകാരം

ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതിന് ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    7 Dec 2024 1:33 PM GMT

ദേശീയ പഞ്ചായത്ത് അവാർഡിൽ തിളങ്ങി കേരളം; കിലയ്ക്കും പെരുമ്പടപ്പ പഞ്ചായത്തിനും അംഗീകാരം
X

2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ തിളങ്ങി കേരളം. രണ്ട് പുരസ്‌കാരങ്ങളാണ് കേരളം ഇക്കുറി നേടിയത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം സ്വന്തമാക്കി. പഞ്ചായത്ത് ക്ഷമതാ നിർമ്മാൺ സർവോത്തം സൻസ്ഥാൻ പുരസ്‌കാരമാണ് കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ) നേടിയത്.

ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതിന് ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്. ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും, നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകൾ കിലയെ പുരസ്‌കാരത്തിന് അർഹമാക്കി. പഞ്ചായത്തുകൾക്ക് പിന്തുണ നൽകുന്ന സ്ഥാപനങ്ങളിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ കിലയ്ക്ക് കഴിഞ്ഞു. പുരസ്‌കാരങ്ങൾ ഡിസംബർ 11ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൌപതി മുർമ്മു വിതരണം ചെയ്യും.

കിലയെയും പെരുമ്പടപ്പ ഗ്രാമപഞ്ചായത്തിനെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സംസ്ഥാനത്തിനാകെ അഭിമാനകരമായ നേട്ടമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

"വികേന്ദ്രീകൃതാസൂത്രണത്തിലൂടെ പ്രാദേശികമായ വികസനപ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയായി നടപ്പിക്കാൻ നേതൃത്വം നൽകിയ സംവിധാനമാണ് കില. പുതിയ കാലത്തിന് അനുസരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാറ്റാൻ കിലയിലൂടെയാണ് സർക്കാർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. ദേശീയ തലത്തിലെ ഈ പുരസ്‌കാരത്തിലൂടെ കേരളത്തിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് തന്നെയാണ് അംഗീകരിക്കപ്പെടുന്നത്.

കൂടുതൽ മികവോടെയുള്ള പ്രകടനം കാഴ്ചവെക്കാൻ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ഈ പുരസ്‌കാരങ്ങൾ പ്രചോദനമേകും. കെ-സ്മാർട്ട് ഉൾപ്പെടെയുള്ള അത്യാധുനിക സൌകര്യങ്ങൾ കൂടി നടപ്പിലാക്കുന്നതോടെ ഗ്രാമപഞ്ചായത്തുകൾ മികവിന്റെ മാതൃകകളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്". മന്ത്രി പറഞ്ഞു.

TAGS :

Next Story