എട്ടിൽ കൂടുതൽ സീറ്റുള്ള വാഹനങ്ങൾ വാടകയ്ക്കു നൽകാൻ പാടില്ല; പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്
സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്ക്ക് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് കമ്മിഷണർ
തിരുവനന്തപുരം: വാഹനങ്ങൾ വാടകയ്ക്കു നൽകുന്നതിൽ പുതിയ മാർഗനിർദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്ക്ക് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. എട്ടിൽ കൂടുതൽ സീറ്റുള്ള വാഹനങ്ങൾ വാടകയ്ക്കു നൽകാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
റെന്റ് എ ക്യാബ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞത് 50 വാഹനങ്ങൾക്ക് ഓൾ ഇന്ത്യാ പെർമിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകൾ ട്രാൻസ്‌പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്താലേ വാടകയ്ക്കു നൽകാൻ പറ്റൂ. എട്ടിൽ കൂടുതൽ സീറ്റുള്ള വാഹനങ്ങൾ ഉടമയ്ക്കും കുടുംബാംഗങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂവെന്നും മാർഗനിർദേശത്തിൽ പറയുന്നു.
സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്ക്കു നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്. എന്നാൽ, ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി ഉപയോഗിക്കാൻ നൽകുന്നതിൽ തെറ്റില്ല. സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോകുന്നതും പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പരസ്യം ചെയ്തു വാടകയ്ക്കു നൽകുന്നതും ശിക്ഷാർഹമാണ്. അനധികൃതമായി വാടകയ്ക്കു നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് കമ്മിഷണർ മുന്നറിയിപ്പ് നൽകി.
റെന്റ് എ കാർ, റെന്റ് എ മോട്ടോർ സൈക്കിൾ വാഹനങ്ങളിൽ കറുത്ത പ്രതലത്തിൽ മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കണം. ഇലക്ട്രിക് വാഹനങ്ങൾ പച്ച പ്രതലത്തിൽ കറുത്ത അക്ഷരത്തിലും. വാഹനത്തിന്റെ ക്ഷമത ഉറപ്പുവരുത്താനായി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ്, യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇൻഷുറൻസ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്.
Summary: Kerala State Transport Department issues new guidelines for renting out vehicles
Adjust Story Font
16