Quantcast

'നിഷാമിന് വധശിക്ഷ നൽകണം'; ചന്ദ്രബോസ് വധക്കേസിൽ കേരളം സുപ്രിംകോടതിയിൽ

ജീവപരന്ത്യം ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ

MediaOne Logo

Web Desk

  • Updated:

    2022-12-13 16:12:04.0

Published:

13 Dec 2022 2:45 PM GMT

നിഷാമിന് വധശിക്ഷ നൽകണം; ചന്ദ്രബോസ് വധക്കേസിൽ കേരളം സുപ്രിംകോടതിയിൽ
X

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിച്ചു. ജീവപരന്ത്യം ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. മനസാക്ഷിയെ മരവിപ്പിക്കുന്ന കുറ്റകൃതൃമാണ് നിഷാം നടത്തിയതെന്ന് ഹരജിയിൽ പറയുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ വധശിക്ഷ നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

2015 ജനുവരി 29 ന് അറസ്റ്റിലായ നിഷാമിന് തൃശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിന് പുറമെ 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.

2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കണ്ടശ്ശാംകടവ് സ്വദേശിയായ ചന്ദ്രബോസ്. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വീണു കിടന്ന ഇയാളെ നിഷാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു.

വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിഷാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും ജനലുകളും നിഷാം അടിച്ചു തകർത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളൈയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു.

TAGS :

Next Story