സംസ്ഥാനത്ത് കോവിഡ് ആശങ്കക്ക് അയവില്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ഇന്നും നാളെയും ലോക്ഡൗൺ
ലോക്ഡൌണ്‍ ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞ ടിപിആര്‍ നിരക്ക് ഇളവുകള്‍ വന്നതോടെ വീണ്ടും വര്‍ധിക്കുകയാണ്
സംസ്ഥാനത്ത് കോവിഡ് ആശങ്കക്ക് അയവില്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ഇന്നും നാളെയും ലോക്ഡൗൺ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതോടെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടി.പി.ആര്‍ 10 ന് താഴെയുള്ള സ്ഥലങ്ങളില്‍ 50 ശതമാനം ജീവനക്കാരെ വച്ചാകും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. 10നും 15 നും ഇടയിലുള്ള സ്ഥലങ്ങളില്‍ 25 ശതമാനം ജീവനക്കാരും ഡി കാറ്റഗറിയില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു.
ലോക്ഡൌണ്‍ ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞ ടിപിആര്‍ നിരക്ക് ഇളവുകള്‍ വന്നതോടെ വീണ്ടും വര്‍ധിക്കുകയാണ്. 12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. 11 ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടി.പി.ആര്‍ 17 ശതമാനം.ഇതേ തുടര്‍ന്നാണ് നിയന്ത്രങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്
കാറ്റഗറി എ, ബി, പ്രദേശങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിവയില്‍ 50 ശതമാനംവരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളില്‍ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിച്ചാവും ഓഫീസ് പ്രവര്‍ത്തനം. കാറ്റഗറി ഡിയില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
ബാക്കി ജീവനക്കാരെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനാണ് തീരുമാനം.രോഗ പ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാന്‍ സമൂഹത്തില്‍ കുറഞ്ഞത് 60% പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരില്‍ നിന്നും വാക്സിന്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 60 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്ക് വച്ചു. സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചാല്‍ പോലും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ നമുക്ക് പെട്ടെന്ന് പിന്‍വലിക്കാന്‍ സാധിക്കില്ല. വാക്സിനെടുത്തവരിലും രോഗം വന്നു ഭേദമായവരിലും വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരായത് കൊണ്ട് ഗര്‍ഭിണികള്‍ വാക്സിന്‍ എടുക്കാന്‍ മടി കാണിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Adjust Story Font
16