ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവെപ്പ്; സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവപ്പ് എന്ന രീതിയിലാണ് സർക്കാർ നാല് വർഷ ബിരുദം അവതരിപ്പിക്കുന്നത്.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും എന്ന പ്രഖ്യാപനത്തോടെയാണ് നാല് വർഷ ബിരുദത്തിന് സർക്കാർ തുടക്കമിടുന്നത്.
സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ നവാഗത വിദ്യാർഥികൾക്കായി വർണാഭമായ പ്രവേശനോത്സവം ഒരുക്കും. മുതിർന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാകും പുതുമുഖങ്ങളെ സ്വീകരിക്കുക. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ഉദ്ഘാടന പരിപാടി എല്ലാ കോളേജുകളിലും തത്സമയം പ്രദർശിപ്പിക്കും. തുടർന്ന് ക്യാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമാവും.
പുതിയ വിദ്യാർഥികൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസും ഇന്ന് നടക്കുന്നുണ്ട്. തൊഴിൽശേഷി വളർത്തലും ഗവേഷണപ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണ് നാല് വർഷ ബിരുദത്തിൽ മുന്നോട്ടുവയ്ക്കുന്നത് . വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് പഠനവിഷയം തെരഞ്ഞെടുക്കാം എന്നതും കോഴ്‌സിൻ്റെ പ്രത്യേകതയാണ്. അതേസമയം, പുതിയ പദ്ധതിക്കെതിരെ വിമർശനങ്ങളും മറുവശത്ത് ഉയരുന്നുണ്ട്..വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലാതെ തുടങ്ങുന്ന പദ്ധതി തിരിച്ചടിയാകും എന്നാണ് ആരോപണം.
Adjust Story Font
16