ഗെയിമുകൾക്ക് അടിപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകൾ വരുന്നു
മുഖ്യമന്ത്രി പിണറായി വിജയനാണ് കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്
ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികൾക്കായി സംസ്ഥാന സർക്കാർ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുന്നു. ഇത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായാണ് സർക്കാർ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തായി പൊലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പുതുതായി 20 പൊലീസ് സ്റ്റേഷനുകൾകൂടി ശിശുസൗഹൃദ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. പൂജപ്പുര, വിഴിഞ്ഞം, കോട്ടയം ഈസ്റ്റ്, കുമരകം, കുറവിലങ്ങാട്, ഗാന്ധിനഗർ, കറുകച്ചാൽ, തൃശൂർ വെസ്റ്റ്, പേരാമംഗലം, മണ്ണുത്തി, തൃശൂർ സിറ്റി വനിതാ സ്റ്റേഷൻ, കൊടുങ്ങല്ലൂർ, തിരൂർ, ഉളിക്കൽ, ആറളം, കുമ്പള, വിദ്യാനഗർ, അമ്പലത്തറ, ബേഡകം, ബേക്കൽ എന്നീ സ്റ്റേഷനുകളെയാണ് ശിശുസൗഹൃദ കേന്ദ്രങ്ങളാക്കിയത്. ഇതോടെ സംസ്ഥാനത്തെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളുടെ എണ്ണം 126 ആയി.
പൊലീസിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കഴിഞ്ഞ അഞ്ച് വർഷംകൊണ്ടു മികച്ച നേട്ടമാണു കൈവരിച്ചതെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. വിരലിൽ എണ്ണാവുന്ന സ്റ്റേഷനുകൾക്കു മാത്രമാണു സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്ക്കായി കെട്ടിടം നിർമിക്കും. മാതൃകാപരമായ പ്രവർത്തനം വഴി ജനസേവനത്തിന്റെ പ്രത്യേകമുഖമാകാൻ പൊലീസിനു കഴിഞ്ഞു. ജനങ്ങളെ സേവിക്കുന്നതിൽ മറ്റാരെക്കാളും മുന്നിലാണെന്ന് അനുഭവത്തിലൂടെ തെളിയിക്കാൻ പൊലീസ് സേനയ്ക്കായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16