കുട്ടമ്പുഴയിൽ പ്രതിരോധ സംവിധാനങ്ങൾക്ക് തുടക്കമിട്ട് വനം വകുപ്പ്; കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളിൽ ട്രഞ്ച് നിർമിച്ച് തുടങ്ങി
ഫെൻസിംഗ് അടക്കമുള്ളവ വൈകാതെ സ്ഥാപിക്കും
കൊച്ചി: വന്യമൃഗശല്യം രൂക്ഷമായ എറണാകുളം കുട്ടമ്പുഴയിൽ പ്രതിരോധ സംവിധാനങ്ങൾക്ക് തുടക്കമിട്ട് വനം വകുപ്പ്. കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളിൽ ട്രഞ്ച് നിർമിച്ച് തുടങ്ങി. ഫെൻസിംഗ് അടക്കമുള്ളവ വൈകാതെ സ്ഥാപിക്കും. താൽക്കാലിക സംവിധാനമല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് യുഡിഎഫിൻ്റെ പ്രതിഷേധവും ഇന്ന് നടക്കും.
കാടിറങ്ങിയെത്തുന്ന കാട്ടാനക്കൂട്ടത്തെ പേടിച്ച് ഇരുട്ടും മുന്നേ വീടണയുന്ന ഒരു ജനത. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ എൽദോസ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കുട്ടമ്പുഴയിലെ ജനജീവിതം കൂടുതൽ ചർച്ചയായത്. മലയോര ജനതയുടെ നിശ്ചയദാർഢ്യത്തിന് പിന്നിൽ പതിവ് പല്ലവി തെറ്റിക്കേണ്ടി വന്നു ഭരണ കൂടത്തിന്. കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളിൽ ട്രഞ്ച് നിർമിച്ച് തുടങ്ങി. രണ്ടാം ഘട്ടത്തിൽ ഫെൻസിംഗ് സ്ഥാപിക്കും. കുട്ടമ്പുഴയിൽ മാത്രമല്ല കാട്ടാന ശല്യം രൂക്ഷമായ വടാട്ടുപാറ, കോട്ടപ്പടി, മാമലക്കണ്ടം, നീണ്ടപാറ എന്നിവിടങ്ങളിലും ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കും.
കാർഷിക, ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ് കുട്ടമ്പുഴയിലെ ഭൂരിഭാഗം പേരും. ജീവനും സ്വത്തിനും സംരക്ഷണമേർപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 27ന് ചേരുന്ന അവലോകന യോഗം സ്ഥിതിഗതികൾ വിലയിരുത്തും. തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന സൂചനയും നാട്ടുകാർ നൽകുന്നുണ്ട്.
Adjust Story Font
16