കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കോഴ ആരോപണം; മുൻകൂർ ജാമ്യഹരജിയുമായി നൃത്ത പരിശീലകർ
പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാനാണ് ശ്രമമെന്നുമാണ് ഹരജിക്കാരുടെ വാദം.
കൊച്ചി: കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യഹരജിയുമായി നൃത്ത പരിശീലകർ ഹൈക്കോടതിയെ സമീപിച്ചു. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹരജി നൽകിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യഹരജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇരുവരും.
പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാനാണ് ശ്രമമെന്നുമാണ് ഹരജിക്കാരുടെ വാദം. യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് തങ്ങൾ പരിശീലിപ്പിച്ച ടീമാണെന്നും വിധികർത്താവിന് കോഴ നൽകിയിട്ടില്ലെന്നും നൃത്താധ്യാപകർ ചൂണ്ടിക്കാട്ടി. കേസ് കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഇത് അവരുടെ ഭാവിയെ ബാധിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് അറസ്റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ ജഡ്ജിയുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സദാനന്ദാലയത്തിൽ ഷാജിയെ ആണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
Adjust Story Font
16