തുറന്ന പോരിനൊരുങ്ങി ഗവർണർ; സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാൻ നീക്കം
അടുത്ത സെനറ്റ് യോഗത്തിന് മുമ്പ് 15 പേരെയും നിശ്ചയിച്ചു നൽകി, ക്വാറം തികയാതെ യോഗം പിരിയുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനത്തിൽ സർക്കാരിനെതിരെ അടുത്ത പ്രഹരത്തിനൊരുങ്ങി ഗവർണർ. നവംബർ നാലിന് തീരുമാനിച്ചിരിക്കുന്ന സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലയ്ക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാനാണ് രാജ്ഭവന്റെ നീക്കം. പുറത്താക്കിയ പ്രതിനിധികൾക്ക് പകരമാകും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുക. അതേസമയം ഗവർണറുടെ നീക്കങ്ങളെ നിയമപരമായി നേരിടാനാണ് അയോഗ്യരാക്കിയ പ്രതിനിധികളുടെ തീരുമാനം.
ഇതോടെ കേരള സർവകലാശാലാ വി.സി നിയമനം കൂടുതൽ സങ്കീർണമാവുകയാണ്. കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാത്ത പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെ പകരം പ്രതിനിധികളെ ഉടൻ ഗവർണർ നിശ്ചയിക്കും. സാധാരണ ഗതിയിൽ സർക്കാർ നിശ്ചയിച്ചു നൽകുന്ന പ്രതിനിധികൾക്ക് ഗവർണർ അംഗീകാരം നൽകാറാണ് പതിവ്. എന്നാൽ മുൻ ഗവർണർ നിശ്ചയിച്ച പ്രതിനിധികൾ ഇത്തരത്തിൽ നിയമിതരായതിനാൽ രാഷ്ട്രീയ നിർദേശം അനുസരിച്ച് പ്രവർത്തിച്ചു എന്ന് രാജ്ഭവൻ വിലയിരുത്തുന്നു. സിപിഎം നിർദേശപ്രകാരം ഇവർ യോഗത്തിൽ നിന്ന് മനപ്പൂർവം വിട്ടുനിൽക്കുകയായിരുന്നു. ചാൻസിലർ നോമിനികൾ പങ്കെടുത്തിരുന്നെങ്കിൽ ക്വാറം തികയുമെന്നിരിക്കെ യോഗം അലസിപ്പിരിഞ്ഞത് ഗവർണർ വലിയ ക്ഷീണം ഉണ്ടാക്കി. അതിനാലാണ് കീഴ്‌വഴക്കത്തിന് വിരുദ്ധമായി സ്വന്തം നിലക്ക് പ്രതിനിധികളെ കണ്ടെത്താൻ ചാൻസലർ ഒരുങ്ങുന്നത്.
അടുത്ത സെനറ്റ് യോഗത്തിന് മുമ്പ് 15 പേരെയും നിശ്ചയിച്ചു നൽകി, ക്വാറം തികയാതെ യോഗം പിരിയുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കാൻ വിളിക്കുന്ന പ്രത്യേക യോഗത്തിൽ ഭരണപക്ഷ പ്രതിനിധികളെ പ്രതിരോധത്തിലാക്കുക എന്ന ഉദ്ദേശം കൂടി ഇതിനുണ്ട്. ഒക്ടോബർ 24ന് നിലവിലെ വി.സി വി.പി മഹാദേവൻ പിള്ളയുടെ കാലാവധി കഴിയുമെന്നിരിക്കെ അടുത്ത മാസം നാലിന് നടക്കുന്ന സെനറ്റ് യോഗത്തിന്റെ ചുമതല താൽകാലികമായി നിയോഗിക്കുന്ന വി.സിക്ക് ആയിരിക്കും. ചട്ടപ്രകാരം താൽകാലിക വി.സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്നതിനാൽ ഭരണപക്ഷത്തിന് അതുമൊരു വെല്ലുവിളിയാകും. എന്നാൽ ചാൻസലറുടെ അധികാരം ഗവർണർ ദുരുപയോഗം ചെയ്യുന്നുവെന്ന വിലയിരുത്തലിലാണ് സർക്കാരും സിപിഎമ്മും. വിശദീകരണം പോലും ചോദിക്കാതെ സെനറ്റംഗങ്ങളെ പുറത്താക്കിയതിനെതിരെ നിയമപരമായി പോകാനാണ് പാർട്ടിയുടെ നീക്കം. അടുത്ത സെനറ്റ് യോഗത്തിൽ ഗവർണറുടെ സമ്മർദത്തിന് വഴങ്ങി പ്രതിനിധിയെ കണ്ടെത്തി നൽകുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്.
Adjust Story Font
16