വിവാദങ്ങളൊഴിയാതെ കേരള സര്‍വകലാശാല; യൂണിയൻ അസാധുവാക്കിയ നടപടിക്കെതിരെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ
കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ഇന്ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിവാദങ്ങൾ ഒഴിയുന്നില്ല. സർവകലാശാല യൂണിയൻ അസാധുവാക്കിയ വിസിയുടെ നടപടി ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ചോദ്യം ചെയ്യും. കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ഇന്ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും.
ഇന്നലെയാണ് കാലാവധി കഴിഞ്ഞത് മറച്ചുവെച്ചു എന്ന് കാട്ടി വൈസ് ചാൻസിലർ സർവകലാശാല യൂണിയൻ അസാധുവാക്കിയത്. പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സമയം നീട്ടി നൽകണമെന്ന് യൂണിയൻ ഭാരവാഹികളുടെ ആവശ്യവും വി സി തള്ളി. എന്നാൽ വൈസ് ചാൻസിലറുടെ ഈ നടപടിയെ ചോദ്യം ചെയ്തു രംഗത്ത് വന്നിരിക്കുകയാണ് സിൻഡിക്കേറ്റ്. സർവകലാശാല നിയമപ്രകാരം യൂണിയന്‍റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു അപേക്ഷ ലഭിച്ചാൽ അത് സിൻഡിക്കേറ്റിൽ വയ്ക്കണം. ചർച്ച ചെയ്തതിനുശേഷം അന്തിമ തീരുമാനമെടുക്കേണ്ടതും സിൻഡിക്കേറ്റ് തന്നെ. എന്നാൽ ഇവിടെ അതിന് വിരുദ്ധമായി വി സി ഏകപക്ഷീയമായി നടപടി സ്വീകരിച്ചു എന്ന് ഇടത് അംഗങ്ങൾ ആരോപിക്കുന്നു. ഇത് ഇന്ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഉന്നയിക്കും.
വൈസ് ചാൻസിലർ സിൻഡിക്കേറ്റിന്‍റെ ഭാഗം മാത്രമാണെന്നും ചർച്ച ചെയ്യാതെയുള്ള തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്നുമാകും വാദം. അജണ്ടയിൽ ഇല്ലെങ്കിലും വിധികർത്താവ് പി.എൻ ഷാജിയുടെ ആത്മഹത്യയുൾപ്പടെ കലോത്സവവുമായി ബന്ധപ്പെട്ട പരാതികളും വിവാദങ്ങളും യോഗത്തിൽ ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്. കലോത്സവം റദ്ദാക്കിയത് അടക്കമുള്ള വിസിയുടെ പല ഇടപെടലുകളിലും സിൻഡിക്കേറ്റിന് അതൃപ്തി ഉണ്ട്. ഉപേക്ഷിച്ച മത്സരങ്ങൾ ഇനി നടത്തേണ്ടതുണ്ടോ എന്ന കാര്യവും യോഗത്തിൽ ചർച്ചയാകും.
Adjust Story Font
16