"നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി വർധന കേരളം നടപ്പാക്കില്ല"; കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി
സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിക്കും സംസ്ഥാന സർക്കാർ എതിരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് കേന്ദ്ര സർക്കാർ വർധിപ്പിച്ച നികുതി സംസ്ഥാന സർക്കാർ ഈടാക്കില്ലെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിക്കും സംസ്ഥാന സർക്കാർ എതിരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഡംബര വസ്തുക്കളുടെ നികുതി കൂട്ടാം. ചെറുകിട കച്ചവടക്കാർ പായ്ക്ക് ചെയ്ത വസ്തുക്കളുടെ നികുതി കൂട്ടേണ്ടെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി വഴി വികസനം നടത്താനുള്ള സർക്കാർ ശ്രമത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്ബിയുടെ വായ്പ കിഫ്ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സർക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് നിയമ വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ കേരളത്തിന്‍റെ വായ്പാപരിധി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഈ വര്‍ഷവും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ദേശീയപാതാ വികസനം സാധ്യമായത് സര്‍ക്കാര്‍ ഇടപെടല്‍ മൂലമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പാതാ വികസനത്തിന്‍റെ അവകാശികളായി ചിലര്‍ രംഗത്ത് വരുന്നുണ്ട്. മുൻ യു.ഡി.എഫ് സർക്കാർ ദേശീയ പാത വികസനത്തിൽ വലിയ അലംഭാവമാണ് കാണിച്ചത്. ദേശീയ പാത വികസനത്തെ അട്ടിമറിക്കാനാണ് എല്ലാ ഘട്ടത്തിലും ബി.ജെ.പി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ വളരെ പ്രധാനപ്പെട്ട പദ്ധതിയാണ്, വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. കേന്ദ്ര സർക്കാർ അനുമതിയോടെ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ എന്നും കെ- റെയിലിനെതിരായ കേന്ദ്ര നിലപാട് മാറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ സാമൂഹ്യാഘാത പഠനം നിലച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16