'കേരാവൻ' കേരള സർക്കാറിന്റെ ആദ്യ കാരവൻ വിശേഷങ്ങൾ...
സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് മറയൂരിൽ
നാടുകൾ തോറും സുഖകരമായി യാത്ര ചെയ്യുക, ഹോട്ടൽ മുറികൾ തേടിയുള്ള അലച്ചിലൊഴിവാക്കി ഇഷ്ടമുള്ളയിടത്ത് വാഹനം നിർത്തി താമസിക്കുക, വാഹനത്തിൽ തന്നെ ഇഷ്ടമുള്ള ഭക്ഷണം തയാറാക്കി കഴിക്കുക ആഗ്രഹങ്ങളുടെ നീണ്ടനിരകളിൽ പലതും സാധ്യമാക്കാൻ തീരുമാനങ്ങളെടുക്കുന്ന നിമിഷങ്ങളുടെ ദൂരമേയുള്ളൂവെന്ന് തെളിയിക്കുകയാണ് കേരള ടൂറിസം വകുപ്പ്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള കാരവൻ സഞ്ചാരത്തിന് കേരളത്തിലും അവസരം ഒരുക്കിയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള ടൂറിസം വകുപ്പ് പുതിയ സാധ്യതകൾ തുറക്കുന്നത്.
പ്രമുഖ വാഹന കമ്പനിയായ ഭാരത്‌ബെൻസുമായി കൈകോർത്ത് ആദ്യ വാഹനവും പുറത്തിറക്കിക്കഴിഞ്ഞു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്നാണ് സർക്കാറിന് കീഴിലുള്ള ആദ്യ കാരവൻ ഒക്‌ടോബർ 18 ന് തിരുവനന്തപുരത്ത് പുറത്തിറക്കിയത്. റിക്രിയേഷൻ വെഹിക്കിൾ എന്ന് വിദേശരാജ്യങ്ങളിൽ അറിയപ്പെടുന്ന വാഹനം കേരളത്തിൽ പൊതുവേ സിനിമ രംഗത്താണ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ടൂറിസം വകുപ്പിന്റെ കാരവൻ കേരള പദ്ധതി വിനോദസഞ്ചാരരംഗത്ത് ചടുല മാറ്റങ്ങൾ സൃഷ്ടിക്കും.
'കേരാവൻ' വാഹന വിശേഷങ്ങൾ എന്തൊക്കെ?
ഭാരത് ബെൻസസ് ടെൻ 70 പ്ലാറ്റ്‌ഫോമിലാണ് കാരവൻ നിർമിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലെ ചില സ്‌കൂൾ ബസുകളും ടൂറിസ്റ്റ് ബസുകൾ എന്നിവ ഈ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ഇന്നോവയോടിക്കുന്ന ലാഘവത്തോടെയോടിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. 5800 മില്ലി മീറ്റർ വീൽബേസുണ്ട്. 17.5 വീൽ സൈസിൽ ട്യൂബ് ലെസ് ടയറാണ് ഉള്ളത്. 3907 സി.സി എൻജിനാണ് വാഹനത്തിനുള്ളത്. 170 ബി.എച്ച്.പിയുണ്ട്. 108 ബി.എച്ച്.പി യാണ് ഈ മോഡലിലുള്ള സ്‌കൂൾ ബസുകളുടെ എൻജിൻ പവർ. എന്നാൽ കാരവനുവേണ്ടി ബി.എച്ച്.പി കൂട്ടിയിരിക്കുകയാണ്.
8566 മില്ലി മീറ്ററാണ് വാഹനത്തിന്റെ ആകെ നീളം. അത്യാവശ്യം ഉയരവുമുണ്ട്. മികച്ച സസ്‌പെൻഷനുമുണ്ട്. ഫോഗ് ലാമ്പ് സ്ഥാപിക്കാൻ ഇടമുണ്ട്. വാഹനത്തിൽ വൈദ്യുതി ആവശ്യത്തിന് ജനറേറ്ററുണ്ട്. അതിനാൽ നിർത്തിയിടുമ്പോഴും എ.സി ഓണാക്കാനും മറ്റും സാധിക്കും.
അകത്തളത്തിലെ ലക്ഷ്വറി
വാഹനത്തിനകത്ത് നാലു ലക്ഷ്വറി സീറ്റുകളാണുള്ളത്. ബെഡ് പോലെ ക്രമീകരിക്കാവുന്ന സീറ്റിൽ കിടക്കാനും വിശാലമായി ഇരിക്കാനും കഴിയും. എ.സി, ടി.വി, ഡ്രൈവറുമായി സംസാരിക്കാൻ ഇൻറർകോം എന്നിവയുണ്ട്. മുകളിലും ടി.വി സ്ഥാപിച്ച മുൻവശത്തും മികച്ച ലഗേജ് സ്‌പേസുണ്ട്. വാഹനത്തിനടിയിലായി ഇതിലേറെ ലഗേജ് സൂക്ഷിക്കാനാകും. ഫ്രിഡ്ജ്, ഇലക്ട്രിക് കെറ്റിൽ, മൈക്രോവേവ്, വാഷ്‌ബേസിൻ തുടങ്ങിയവ ഡ്രോയിങ് റൂമിനകത്തുണ്ട്. യൂറോപ്യൻ ക്ലോസറ്റും ഷവർ ഏരിയയുമുള്ള ബാത്ത് റൂമും വാഹനത്തിനകത്തുണ്ട്.
സുഖമായുറങ്ങാം, സുരക്ഷയോടെ
രണ്ടു പേർ വീതം കിടക്കാവുന്ന രണ്ട് ബെഡുകൾ കാരവനിലുണ്ട്. താഴെയുള്ള ബെഡ് മൂന്നു പേർക്ക് കിടക്കാവുന്നത്ര വിശാലമാണ്. വസ്ത്രം മാറാൻ പറ്റുന്ന ഏരിയയും ബെഡ്‌റൂമിനകത്തുണ്ട്. വാഹനത്തിന് ചുറ്റും കാമറകളുമുണ്ടായതിനാൽ സുരക്ഷയെ കുറിച്ച് ഭയക്കേണ്ടതില്ല. ബെഡ് റൂം ഭാഗത്ത് കറുത്ത കൂളിംഗ് നൽകിയിട്ടുണ്ട്. റൂമിനകത്ത് നിന്ന് എമർജൻസി എക്‌സിറ്റുള്ളതിനാൽ അപകടങ്ങളുണ്ടായാൽ സഞ്ചാരികൾക്ക് പെട്ടെന്ന് രക്ഷപ്പെടാനാകും.
കേരളത്തിലുടനീളം കാരവൻ പാർക്കുകൾ
കാരവൻ പാർക്ക് ചെയ്ത് താമസിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കാരവൻ പാർക്കുകൾ സ്ഥാപിക്കാനും സർക്കാറിന് പദ്ധതിയുണ്ട്. സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് മറയൂരിലാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ദേവികുളം എം.എൽ.എ അഡ്വ. എ. രാജൻ അറിയിച്ചിരുന്നു. മറയൂരിന് സമീപം വയൽകടവ് എസ്‌റ്റേറ്റിലെ അഞ്ചേക്കറിൽ സിജിഎച്ച് ഗ്രൂപ്പാണ് പാർക്ക് സജ്ജീകരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്, ഹാരിസൺ മലയാളം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, സിജിഎച്ച് എർത്ത് എന്നീ സ്ഥാപനങ്ങളാണ് കാരവൻ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലായി അഞ്ചു കാരവൺ പാർക്ക് സ്ഥാപിക്കുമെന്നാണ് വിവരം.
വിവരങ്ങൾ കടപ്പാട്: ബൈജു എൻ. നായർ യൂട്യൂബ് ചാനൽ
Adjust Story Font
16