Quantcast

റേഷൻ കടകളിൽ മണ്ണെണ്ണ കിട്ടാനില്ല; മണ്ണെണ്ണ വിതരണം പ്രതിസന്ധിയിൽ

മഞ്ഞ - പിങ്ക് കാർഡ് ഉടമകൾക്ക് നൽകാനുള്ള മണ്ണെണ്ണ പോലും റേഷൻ കടകളിലേക്ക് എത്തുന്നില്ല

MediaOne Logo

Web Desk

  • Updated:

    2024-10-23 04:03:58.0

Published:

23 Oct 2024 3:55 AM GMT

Kerosene
X

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ. മഞ്ഞ - പിങ്ക് കാർഡ് ഉടമകൾക്ക് നൽകാനുള്ള മണ്ണെണ്ണ പോലും റേഷൻ കടകളിലേക്ക് എത്തുന്നില്ല. മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്രം കുറവ് വരുത്തിയതും മൊത്ത വിതരണ കേന്ദ്രത്തിൽ പോയി വ്യാപാരികൾക്ക് മണ്ണെണ്ണ എടുക്കാനുള്ള ചിലവും കൂടിയതോടെയാണ് വിതരണം പ്രതിസന്ധിയിലായത്. വിതരണത്തിലെ ബുദ്ധിമുട്ട് വ്യാപാരികൾ ഭക്ഷ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ ഇടയ്ക്കിടെ മണ്ണെണ്ണ വിഹിതം വലിയ തോതിൽ വെട്ടിക്കുറക്കുന്നുണ്ട്. അർഹമായ വിഹിതം ലഭിക്കാത്ത സാഹചര്യം പലതവണ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‍റ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മൂന്ന് മാസത്തിലൊരിക്കൽ അരലിറ്റർ വീതം മഞ്ഞ - പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വാങ്ങാമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതും ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തി. മണ്ണെണ്ണ വിഹിതത്തിൽ കുറവ് വന്നതോടെ ഓരോ താലൂക്കിലും പ്രവർത്തിച്ചിരുന്ന മണ്ണെണ്ണ മൊത്ത വിതരണ കേന്ദ്രങ്ങൾ പൂട്ടി.

ജില്ലയിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമായി വിതരണ കേന്ദ്രങ്ങൾ ചുരുങ്ങുകയും ചെയ്തു. ഒരു റേഷൻ കടയിലേക്ക് 100 ലിറ്റർ മണ്ണെണ്ണ എങ്കിലും വേണ്ടി വരും. ഇത് എടുക്കാൻ 50 കിലോമീറ്ററിലധികം പോകേണ്ട സാഹചര്യവും. കൂടുതൽ തുക ചെലവ് വന്നതോടെ വ്യാപാരികൾ നേരിട്ട് പോകുന്നത് ഒഴിവാക്കി. ഇതും മണ്ണെണ്ണ വിതരണത്തെ താറുമാറാക്കി. വാതിൽപടി വഴി മണ്ണെണ്ണ റേഷൻ കടകളിൽ എത്തിച്ചാലെ വിതരണം നടത്താനാകൂയെന്നാണ് വ്യാപാരികളുടെ നിലപാട്. ഇക്കാര്യങ്ങൾ റേഷൻ വ്യാപാരികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കിൽ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പൂർണമായി നിലക്കുന്ന സ്ഥിതിയുണ്ടാകും.



TAGS :

Next Story