Quantcast

ഗ്രന്ഥരചനയിലാണ്; ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല : ചെറിയാൻ ഫിലിപ്പ്

കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ശോഭനാ ജോർജ് രാജിവെച്ച ഒഴിവിലായിരുന്നു ചെറിയാൻ ഫിലിപ്പിനെ ഖാദിബോർഡ് വൈസ് ചെയർമാനായി നിയമിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    8 Oct 2021 3:52 AM GMT

ഗ്രന്ഥരചനയിലാണ്; ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല : ചെറിയാൻ ഫിലിപ്പ്
X

'അടിയൊഴുക്കുകൾ' എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചന നടത്തുന്നതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് സി.പി.എം സഹയാത്രികനായ ചെറിയാൻ ഫിലിപ്പ്. ''40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്'' അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന ഇദ്ദേഹത്തിന്റെ പേര് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്ക് ഉയർന്നിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇതിൽ ചെറിയാൻ ഫിലിപ്പ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നൽകിയിരുന്നത്. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ശോഭനാ ജോർജ് രാജിവെച്ച ഒഴിവിലായിരുന്നു ചെറിയാൻ ഫിലിപ്പിനെ ഖാദിബോർഡ് വൈസ് ചെയർമാനായി നിയമിച്ചിരുന്നത്. 2006 ൽ വി.എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് കെ.ടി.ഡി.സി ചെയർമാനായിരുന്നു.

40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച 'കാൽ നൂറ്റാണ്ട്' കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തുറന്നുകാണിച്ച പുസ്തകമായിരുന്നു. ഗ്രന്ഥത്തിന് വായനക്കാരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണുണ്ടായിരുന്നത്.

''രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്.'' അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്‌സ് തന്റെ സിദ്ധാന്തങ്ങൾ ആവിഷ്‌ക്കരിച്ചതെന്നും തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്‌റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചതെന്നും ഇതെല്ലാം തനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര, മാധ്യമ വിദ്യാർഥികളുടെ റഫറൻസ് സഹായിയായ കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് ഡി.സി ബുക്‌സ് ഈ മാസം തന്നെ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.

TAGS :

Next Story