കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ പിടികൂടാൻ വൻ അന്വേഷണ സംഘം
ഡി.ഐ.ജി. ആർ നിശാന്തിനിയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ പിടികൂടാൻ വൻ അന്വേഷണ സംഘം. കൊല്ലം റൂറൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പിമാരും സിറ്റിയിലെ എ.സി.പിമാരും സംഘത്തിലുണ്ട്. സ്‌പെഷ്യൽ യൂണിറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും. ഡി.ഐ.ജി. ആർ നിശാന്തിനിയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.
കുട്ടിയെ തട്ടികൊണ്ടുപോയിട്ട് 48 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളുടെ കാര്യത്തിൽ പൊലീസിന് കൃത്യമായ വ്യക്തയുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പൊലീസിന് മുഖ്യമന്ത്രിയടക്കമുള്ളവരിൽ നിന്ന് വലിയ രീതിയിലുള്ള സമ്മർദമുണ്ട്. ഇന്ന് രാവിലെ കൊട്ടാരക്കരയിൽ ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി നേതൃത്വത്തിൽ ഒരു യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ അന്വേഷണ സംഘത്തെ രൂപികരിച്ചത്.
നേരത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചിരുന്നു. അന്വേഷണ സംഘത്തെ വിവിധ ആവശ്യങ്ങൾക്കായി പ്രത്യേകം പ്രത്യേകം സ്‌ക്വാഡുകളായി തിരിക്കും. സി.ഐക്ക് മുകളിലുള്ള ഉദ്യോഗസ്ഥർക്കായിരിക്കും ഓരോ സ്‌ക്വാഡുകളുടെയും ചുമതല. അന്വേഷണത്തിൽ മികവ് തെളിച്ച ആളുകളെയൊക്കെയും ഇതിനകത്ത് ഉൾപ്പെടുത്തണമെന്ന നിർദേശമുണ്ട്.
Adjust Story Font
16