ആലപ്പുഴ കൊലപാതകങ്ങൾ മനുഷ്യത്വഹീനം: എം.ഐ. അബ്ദുൽ അസീസ്
രാഷ്ട്രീയ നീക്കുപോക്കുകളും ധാരണകളും കേസന്വേഷണത്തെ ബാധിക്കാതിരിക്കാൻ സർക്കാറും ആഭ്യന്തര വകുപ്പും പ്രത്യേകം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട്: ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിലും വെള്ളക്കിണറിലും നടന്ന കൊലപാതകങ്ങൾ ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം മനുഷ്യത്വഹീനവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. പ്രദേശത്ത് സമാധാനവും ജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താൻ പൊലിസും ഭരണകൂടവും അടിയന്തിരമായ മുൻകരുതലുകളെടുക്കണം. കൊലപാതകങ്ങളെ തുടർന്ന് രാഷ്ട്രീയ വൈര്യവും വൈകാരികതയും വളർത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നതിനും തടയിടണം. നിയമം കയ്യിലെടുക്കുന്ന വിധത്തിലുള്ള കുറ്റകൃത്യങ്ങളെ പിന്തുണക്കുന്ന മനോഭാവം ഒഴിവാക്കേണ്ടതാണ് - അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷമാക്കാൻ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങൾ സഹായകമാവൂ. രാഷ്ട്രീയ പ്രവർത്തനം അക്രമത്തിലേക്കും വിധ്വംസക പ്രവർത്തനത്തിലേക്കും നീങ്ങാൻ പാടില്ലാത്തതാണ്. മനുഷ്യജീവന് വിലകൽപ്പിക്കാത്തവർക്ക് മാത്രമേ കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളിലേർപ്പെടാനാവൂ -അദ്ദേഹം വ്യക്തമാക്കി.
ഉദ്യോഗസ്ഥരുമായും ഭരണകൂടവുമായും കുറ്റകൃത്യത്തിലേർപ്പെടുന്നവർക്കുണ്ടാകുന്ന അവിശുദ്ധ ബന്ധമാണ് രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാവാൻ കാരണം. കുറ്റവാളികളെ ഉടനെ അറസ്റ്റ് ചെയ്യുകയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണം. രാഷ്ട്രീയ നീക്കുപോക്കുകളും ധാരണകളും കേസന്വേഷണത്തെ ബാധിക്കാതിരിക്കാൻ സർക്കാറും ആഭ്യന്തര വകുപ്പും പ്രത്യേകം ഇടപെടണമെന്നും എം ഐ അബ്ദുൽ അസീസ് പറഞ്ഞു.
Jamaat-e-Islami Kerala Ameer mi Abdul Azeez said that the killings in Mannancherry and Vellakinar in Alappuzha district were shocking and inhumane
Adjust Story Font
16