ഗസ്സ കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കുക: കേരള ജംഇയ്യത്തുൽ ഉലമ
യുദ്ധക്കെടുതിയുടെ ദുരന്തങ്ങൾ അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയും ആ മേഖലയിലെ സമാധാന ശ്രമങ്ങൾ വിജയിക്കാനും എല്ലാവരും നിരന്തരമായി പ്രാർഥിക്കണമെന്ന് കെ.ജെ.യു അഭ്യർഥിച്ചു.
കോഴിക്കോട്: ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കെതിരെ ഇന്ത്യയിലെ മത രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ കൂട്ടായ പ്രതിഷേധം ഉയരണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പീഡിപ്പിക്കപ്പെടുന്നവരോടൊപ്പമാണ് ഇന്ത്യയിലെ ജനങ്ങൾ നിലകൊള്ളുന്നതെന്ന് അന്താരാഷ്ട്ര പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ നാം ശ്രമിക്കേണ്ടതുണ്ട്.
നിസഹായരും നിരാലംബരുമായ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഇസ്രായേലിന്റെ ക്രൂരതക്ക് വിധേയരാവുകയാണ്. എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തിയാണ് ഇസ്രായേൽ ഫലസ്തീനിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുന്നത്. ലോകത്തെ സായുധശക്തികൾ പലതും ഈ അതിക്രമത്തിന് പിന്തുണ നൽകുകയോ മൗനം പാലിക്കുകയോ ചെയ്യുകയാണ്. ഈ സന്ദർഭത്തിൽ വിശ്വാസികൾക്ക് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം പ്രാർഥനയുടേതാണ്. യുദ്ധക്കെടുതിയുടെ ദുരന്തങ്ങൾ അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയും ആ മേഖലയിലെ സമാധാന ശ്രമങ്ങൾ വിജയിക്കാനും എല്ലാവരും നിരന്തരമായി പ്രാർഥിക്കണമെന്ന് കെ.ജെ.യു അഭ്യർഥിച്ചു.
യോഗം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. പി. മുഹ്യിദ്ദീൻ മദീനി, ഈസാ മദനി, ഹുസൈൻ മടവൂർ, പി.പി ഉണ്ണീൻ കുട്ടി മൗലവി, പ്രൊഫ മായിൻകുട്ടി സുല്ലമി, ഡോ. മുഹമ്മദലി അൻസാരി, അബ്ദുറസാഖ് ബാഖവി പ്രസംഗിച്ചു.
Adjust Story Font
16