പാനൂർ സ്ഫോടനം; സി.പി.എം ചോരക്കളി നിർത്തണമെന്ന് കെ.കെ രമ, താറടിക്കാൻ ശ്രമമെന്ന് പി.ജയരാജൻ
മരണവീട്ടിൽ പോകുന്നതിന് പാർട്ടി വിലക്കില്ലെന്നും കെ.പി മോഹനൻ മരണവീട്ടിൽ പോയത് എം.എൽ.എ ആയതുകൊണ്ടാണെന്നും പി.ജയരാജൻ പറഞ്ഞു.
കോഴിക്കോട്: പാനൂർ സ്ഫോടനത്തിന്റെ പേരിൽ പാർട്ടിയെ താറടിക്കാൻ ശ്രമം നടക്കുന്നതായി സി.പി.എം നേതാവ് പി. ജയരാജൻ. സി.പി.എമ്മിന് ബോംബുണ്ടാക്കി രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ട യാതൊരു ആവശ്യവുമില്ല. വടകര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയെ വ്യക്തിഹത്യ ചെയ്യാനുള്ള നീക്കമാണ് കോണ്‍ഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ നടത്തുന്നത്. അതിനെതിരെ നിയമ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾക്ക് ബോംബുണ്ടാക്കേണ്ട ആവശ്യമില്ല. മരണവീട്ടിൽ പോകുന്നതിന് പാർട്ടി വിലക്കില്ലെന്നും കെ.പി മോഹനൻ മരണവീട്ടിൽ പോയത് എം.എൽ.എ ആയതുകൊണ്ടാണെന്നും പി.ജയരാജൻ പറഞ്ഞു.
അതേസമയം, ബോംബ് നിർമാണം സി.പി.എം നേതാക്കൾ അറിഞ്ഞുകൊണ്ടാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് കലാപമുണ്ടാക്കാനുള്ള ആസൂത്രിതനീക്കമാണെന്നും ചോരക്കളി നിർത്തണമെന്നും ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു. എന്നാൽ, ടി.പി ചന്ദ്രശേഖരൻ കേട്ട ആക്ഷേപമാണ് ഇന്ന് സി.പി.എമ്മിനെതിരെ രമ പ്രയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് ഓഫീസിൽ നിന്ന് എഴുതിക്കൊടുക്കുന്നതാണ് രമ പ്രസംഗിക്കുന്നതെന്നുമാണ് പി.ജയരാജൻ നൽകുന്ന മറുപടി. ബോംബുണ്ടാക്കി എതിരാളികളെ കൊലപ്പെടുത്തിയ കോണ്‍ഗ്രസും ആ കോണ്‍ഗ്രസിനു വേണ്ടി വാദിക്കുന്ന രമയും എന്തെല്ലാം പ്രചാരണം നടത്തിയാലും തെരഞ്ഞെടുപ്പിൽ കെ.കെ ശൈലജ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുക തന്നെ ചെയ്യുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Adjust Story Font
16