'സര്‍ക്കാര്‍ ആശമാരുടെ ജാതകം പരിശോധിക്കുന്നു,കേന്ദ്രത്തെ കുറ്റം പറഞ്ഞ് തടിയൂരുന്നു'; കെ.കെ രമ
പൊങ്കാലയിട്ടു പ്രതിഷേധിക്കുന്ന ആശമാരെ സന്ദർശിച്ചശേഷമായിരുന്നു രമയുടെ പ്രതികരണം

തിരുവനന്തപുരം:ആശമാരുടെ സമരത്തിൽ സംസ്ഥാന സർക്കാർ കണ്ണ് തുറക്കുന്നില്ലെന്ന് കെ.കെ.രമ എംഎൽഎ.സമരം നടത്തുന്ന സംഘടനയുടെ ജാതകം പരിശോധിക്കുകയാണ് . എപ്പോഴും കേന്ദ്രത്തെ കുറ്റംപറഞ്ഞു നിൽക്കുകയാണ് സർക്കാരെന്നും കെ.കെ.രമ പറഞ്ഞു. പൊങ്കാലയിട്ടു പ്രതിഷേധിക്കുന്ന ആശമാരെ സന്ദർശിച്ചശേഷമായിരുന്നു രമയുടെ പ്രതികരണം.കേരളത്തിലെ മുഖമന്ത്രിയുടെ നിലപാട് അറിയണം. മനുഷ്യപക്ഷത്തും സ്ത്രീപക്ഷത്തും തൊഴിലാളി പക്ഷത്തും ഇല്ലാത്ത സർക്കാറാണ് ഇതെന്നും രമ കുറ്റപ്പെടുത്തി.
വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 32 ദിവസം പിന്നിടുകയാണ്. ഇന്നലെ നടന്ന മുഖ്യമന്ത്രി ധനമന്ത്രി കൂടിക്കാഴ്ചയിൽ ആശമാരുടെ പ്രശ്നം അടക്കം ഉന്നയിക്കുമെന്നായിരുന്നു ഡല്‍ഹിയിലെ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് നേരത്തെ നൽകിയ ഉറപ്പ്. എന്നാൽ അത് ഉണ്ടായില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഫണ്ടിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിലുമുണ്ട് ആശാമാർക്ക് നിരാശ. സമരത്തിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കാനും ആശമാർ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16