Quantcast

'എന്റെ പുസ്തകം സിലബസിലല്ല, അധിക വായന ലിസ്റ്റിൽ, സമ്മതം വാങ്ങിയില്ല'; കണ്ണൂർ യൂണിവേഴ്‌സിറ്റി സിലബസ് വിവാദത്തിൽ കെ.കെ. ശൈലജ

ഏത് വിഭാഗത്തിലായാലും പുസ്തകം ഉൾപ്പെടുത്തുന്നതിൽ താൽപര്യമില്ലെന്ന് സർവകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കെ.കെ ശൈലജ

MediaOne Logo

Web Desk

  • Published:

    24 Aug 2023 4:16 PM GMT

Former Minister K.K. Teacher Shailaja reacts to the incident that the book My Life as a Comrade was included in the syllabus of Kannur University.
X

'മൈ ലൈഫ് ആസ് എ കോമറേഡ്' പുസ്തകം കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെ.കെ. ശൈലജ. താൻ എഴുതിയ 'മൈ ലൈഫ് ആസ് എ കോമറേഡ്' എന്ന പുസ്തകം കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തിയെന്ന വ്യാപക പ്രചാരണം നടക്കുകയാണെന്നും അധികൃതരെ വിളിച്ച് അന്വേഷിച്ചപ്പോൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തിലാണെന്ന് വിവരം കിട്ടിയെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സി.കെ ജാനു, സിസ്റ്റർ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കൂടെ ഈ പുസ്തകത്തിന്റെ പേരുകൂടി ചേർത്തതാണെന്നും യൂണിവേഴ്‌സിറ്റി അധികൃതരിൽ നിന്ന് മറുപടി ലഭിച്ചുവെന്നും പറഞ്ഞു. ഏത് വിഭാഗത്തിലായാലും തന്റെ പുസ്തകം ഉൾപ്പെടുത്തുന്നതിൽ താൽപര്യമില്ലെന്ന് സർവകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കെ.കെ ശൈലജ വ്യക്തമാക്കി.

തന്റെ പുസ്തകത്തിന്റെ പേര് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നില്ലെന്നും തന്റെ പുസ്തകം ഒരു ജീവചരിത്രം എന്ന നിലയിലല്ല ഓർമകുറിപ്പുകൾ എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു. സമൂഹത്തിലെ ഫ്യൂഡൽ അനാചാരങ്ങളെയും വിവേചനങ്ങളെയും കുറിച്ചും അതിനെതിരെ നടന്ന പോരാട്ടങ്ങളെകുറിച്ചുമാണ് പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ചതെന്നും ശൈലജ പറഞ്ഞു.

രണ്ടാം ഭാഗത്ത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വികാസവും ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് തനിക്കുണ്ടായ അനുഭവവും പകർച്ചവ്യാധികൾക്കെതിരെ നാം നടത്തിയ പ്രവർത്തനങ്ങളുമാണ് പ്രതിപാദിക്കുന്നതെന്നും വ്യക്തമാക്കി. ഡൽഹി കേന്ദ്രമായ ജാഗർനട്ട് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്നും പറഞ്ഞു.

താൽപര്യമുള്ളവർ കക്ഷിരാഷ്ട്രീയത്തിനതീതമായി പുസ്തകം വായിച്ച് അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ടെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങൾ കാണുന്നതുകൊണ്ടാവാം ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായതെന്നും മുൻ ആരോഗ്യമന്ത്രി പറഞ്ഞു.

കെ കെ ശൈലജയുടെ പുസ്തകം കണ്ണൂർ സർവകലാശാലയുടെ എംഎ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരുന്നത്. എംഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ലൈഫ് സ്റ്റോറീസ് എന്ന ഇലക്ടീവ് വിഷയത്തിലാണ് കെ കെ ശൈലജയുടെ പുസ്തകം ഉൾപ്പെടുത്തിയത്. ഇലക്ടിവ് വിഷയമായാണ് സിലബസിൽ ഉൾപ്പെടുത്തിയത്. സിലബസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

സിലബസ് രാഷ്ട്രീയവത്ക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ ആരോപിച്ചു. സിലബസിൽ പോലും രാഷ്ട്രീയവത്ക്കരണം നടത്താൻ വൈസ് ചാൻസലർ തയ്യാറായിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരുടെ ഭാര്യമാരെ കണ്ണൂർ സർവകലാശാലയിലെ വകുപ്പുകളിൽ തിരുകിക്കയറ്റാൻ ഏതറ്റം വരെ പോകാനും നിലപാടെടുത്ത വൈസ് ചാൻസലറുടെ രാഷ്രീയവൽക്കരണം നടത്താനുള്ള ഒടുവിലത്തെ അജണ്ടയാണിത്. സിലബസുകളിലൂടെ പാർട്ടി ക്ലാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഒരുപാട് കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കെപിസിടിഎ വിമർശിച്ചു.

Former Minister K.K. Shailaja reacts to the incident that the book 'My Life as a Comrade' was included in the syllabus of Kannur University.

TAGS :

Next Story