Quantcast

"സഖാവ് ചിന്ത ജെറോമിനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് പ്രതിഷേധാർഹം"; പിന്തുണച്ച് കെകെ ശൈലജ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ചിന്താ ജെറോമിന് ഒരു ലക്ഷം രൂപ ശമ്പളം കണക്കാക്കി 14 മാസത്തെ കുടിശിക നൽകാൻ ധനവകുപ്പ് അനുമതി നൽകിയത്

MediaOne Logo

Web Desk

  • Published:

    7 Jan 2023 12:05 PM GMT

സഖാവ് ചിന്ത ജെറോമിനെ  ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് പ്രതിഷേധാർഹം; പിന്തുണച്ച് കെകെ ശൈലജ
X

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെ പിന്തുണച്ച് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നതെന്നും അതിൻ്റെ പേരിൽ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കെകെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകൾ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയിൽ കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിൻ്റെ പേരിൽ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാവുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. വാസ്തവ വിരുദ്ധമായ കാര്യത്തെ മുൻനിർത്തി സഖാവ് ചിന്താ ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണ്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. സമാനതകളില്ലാത്ത കടുത്ത ധന പ്രതിസന്ധിയിലൂടെ സർക്കാർ കടന്നു പോകുമ്പോൾ യൂത്ത് കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് വി.ഡി സതീശൻ ചോദിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്തത്ര ഗുരുതരമായ ധന പ്രതിസന്ധിയ്ക്കിടെയിലാണ് സർക്കാരിന്റെ അധാർമ്മികമായ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എത്ര ലാഘവത്വത്തോടെയാണ് സർക്കാർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. നികുതി പിരിവ് നടത്താതെയും ധൂർത്തടിച്ചും സർക്കാർ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധന പ്രതിസന്ധി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാരും സി.പി.എമ്മും ഓർക്കണം. ജനാധിപത്യ വ്യവസ്ഥയിൽ യജമാനൻമാരായ ജനങ്ങളെ സർക്കാരും സി.പി.എമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണെന്നും വി.ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ചിന്താ ജെറോമിന് ഒരു ലക്ഷം രൂപ ശമ്പളം കണക്കാക്കി 14 മാസത്തെ കുടിശിക നൽകാൻ ധനവകുപ്പ് അനുമതി നൽകിയത്. ഇതോടെ മുൻ അധ്യക്ഷനും സർക്കാർ കുടിശ്ശിക നൽകേണ്ടി വരും. ചിന്താ ജെറോമിനെ 2016 ഒക്ടോബറിലാണ് യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷയാക്കിയത്. അന്ന് സേവന വേതന വ്യവസ്ഥ രൂപീകരിച്ചിരുന്നില്ല. അതിനാൽ അഡ്വാൻസായി പ്രതിമാസം 50000 രൂപ അനുവദിക്കാൻ 2017 ജനുവരി 6 ന് സർക്കാർ തീരുമാനിച്ചു.

പിന്നീട് 2018 മെയ് മുതൽ ശമ്പളം ഒരു ലക്ഷമായി നിജപ്പെടുത്തി. അതുവരെയുള്ള മാസങ്ങളിലെ ശമ്പളം അനുവദിച്ചത് അഡ്വാൻസ് എന്ന നിലയിലായതിനാൽ മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക കൂടി നൽകണമെന്ന് ചിന്താ ജെറോം ആവശ്യപ്പെട്ടു. യുവജനകാര്യ വകുപ്പ് ഫയൽ ധനവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടു. ആദ്യം എതിർത്തെങ്കിലും പിന്നീട് ധനവകുപ്പ് വഴങ്ങി. ധനവകുപ്പ് സെക്രട്ടറി കൂടി ഒപ്പിട്ട് ഉടൻ ഉത്തരവ് ഇറങ്ങും. 14 മാസത്തെ കുടിശ്ശികയായ 7 ലക്ഷം രൂപ ചിന്താ ജെറോമിന് മുൻകാലപ്രബല്യത്തോടെ ഇതോടെ ലഭിക്കും.

എന്നാൽ, വിമർശനങ്ങളെ സിപിഎം തള്ളുകയാണുണ്ടായത്. ഇതിനിടയിൽ തനിക്ക് ശമ്പളം സ്ഥിരപ്പെടുത്തിയിരുന്നില്ലെന്ന് കാട്ടി മുൻ അധ്യക്ഷൻ ആർ വി രാജേഷ് കോടതിയെ സമീപിക്കുകയും ഇതിൽ അനുകൂലമായ വിധി നേടുകയും ചെയ്തിട്ടുണ്ട്. ചിന്തയ്ക്ക് ശമ്പള കുടിശ്ശിക അനുവദിക്കുന്നതോടെ രാജേഷിനും സർക്കാർ മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക നൽകേണ്ടി വരും.

TAGS :

Next Story