ഏറ്റവും വിശാലമായ ജനാധിപത്യ ഇടമാണ് കോൺഗ്രസ് പാർട്ടി വേദികൾ; പറയേണ്ട കാര്യങ്ങൾ അവിടെ പറയും- കെ.എം. അഭിജിത്ത്
കോൺഗ്രസ് പാർട്ടിക്കും, പോഷക സംഘടനകൾക്കും ഒട്ടനവധി തിരുത്തലുകൾ ആവശ്യമാണ്. അത് പറയേണ്ട വേദികളിൽ പറഞ്ഞു തിരുത്തിക്കും
പാര്‍ട്ടിയിലെ എല്ലാ പോരായ്മകളും, അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുമുള്ള വേദിയായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കാണുന്നില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. ഏറ്റവും വിശാലമായ ജനാധിപത്യ ഇടമാണ് കോൺഗ്രസ് പാർട്ടി വേദികൾ, പറയേണ്ട കാര്യങ്ങൾ അവിടെ പറയുമെന്നും അഭിജിത്ത് പറഞ്ഞു.
തിരുത്തലുകൾക്കും മുൻപിലുണ്ടാകുമെന്ന ഉറപ്പും അഭിജിത്ത് നൽകി. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരേ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പലരും സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധവുമായി വന്നിരുന്നു. ആ അവസരത്തിലാണ് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം.
കോൺഗ്രസ് പാർട്ടിക്കും, പോഷക സംഘടനകൾക്കും ഒട്ടനവധി തിരുത്തലുകൾ ആവശ്യമാണ്. അത് പറയേണ്ട വേദികളിൽ പറഞ്ഞു തിരുത്തിക്കുമെന്നും അഭിജിത്ത് വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നിന്ന് മത്സരിച്ച അഭിജിത്ത് സിപിഎമ്മിലെ തോട്ടത്തിൽ രവീന്ദ്രനോട് പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ചവർക്കുള്ള നന്ദി പറയാനുള്ള കുറിപ്പിലാണ് അഭിജിത്ത് പാർട്ടിയിലെ തിരുത്തലുകളെ കുറിച്ച് പറഞ്ഞത്.
കുറിപ്പിന്‍റെ പൂർണരൂപം വായിക്കാം;
എന്നെ സംബന്ധിച്ച് കുടുംബപശ്ചാത്തലം കൊണ്ട് കോൺഗ്രസ്സുകാരനായതല്ല. ഒന്നുമില്ലായ്മയിൽനിന്ന് ഇന്ത്യാ രാജ്യത്തെ പടുത്തുയർത്തിയ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ' ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ-മതേതരത്വ ആശയങ്ങളിൽ ആകൃഷ്ഠനായി കോൺഗ്രസ്സുകാരനായതാണ്. മീഞ്ചന്ത ആർട്സ് കോളേജിലേയ്ക്ക് ഒരു വിദ്യാർത്ഥിയായി കടന്നുചെന്ന കാലഘട്ടം മുതൽ ഈ നിമിഷം വരെ അപ്രതീക്ഷിതമായി ജീവിതത്തിൽ ഒട്ടേറെ അസുലഭ നിമിഷങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എനിക്ക് സമ്മാനിച്ചിട്ടുണ്ട്. മീഞ്ചന്ത ആർട്സ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിക്കാൻ സാധിച്ചതും, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായതും, കെ.എസ്.യു സംസ്ഥാന ജനറൽസെക്രട്ടറിയായതും, ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ ഇരുപത്തിരണ്ടാം വയസ്സിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റായതും, കെ.പി.സി.സി മെമ്പറായതും,രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എ.ഐ.സി.സി അംഗമായതും പ്രസ്ഥാനം എന്നിലേൽപിച്ച സൗഭാഗ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്.
ആ സൗഭാഗ്യങ്ങളിലേയ്ക്ക് പുതിയൊരു ഏടായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ 'കോഴിക്കോട് നോർത്തിലെ' യു.ഡി.എഫ് സ്ഥാനാർഥിയായി പ്രസ്ഥാനമെന്നെ ചുമതലപ്പെടുത്തിയതും. ഒരുപക്ഷേ കോൺഗ്രസ് പാർട്ടിക്ക് കോഴിക്കോട് ജില്ലയിൽ ഏറ്റവും ദുർബലമായ സംഘടനാ സംവിധാനമുള്ള കോഴിക്കോട് നോർത്തിൽ കേവലം 16 ദിവസം കൊണ്ട് സംഘടനാ ദൗർബല്യങ്ങളെ മറികടന്ന് കോൺഗ്രസ്സ്, മുസ്ലീം ലീഗ്, യു.ഡി.എഫ് പ്രവർത്തകരുടെ ആത്മാർത്ഥമായ, അകമഴിഞ്ഞ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2016ലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇടതുപക്ഷത്തിനൊപ്പം ചേർന്നിട്ടും, ഇടതുപക്ഷത്തിനനുകൂലമായ പൊതുസാഹചര്യമുണ്ടായിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ പതിനായിരത്തിൽപരം വോട്ടു വർധിപ്പിക്കാൻ സാധിച്ചതെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.
എൽ.ഡി.എഫിൽ മുൻ മേയറും, ഡെപ്യൂട്ടി മേയറും ഇരുപത് വർഷക്കാലം കൗൺസിലറുമായിരുന്ന ശ്രീ.തോട്ടത്തിൽ രവീന്ദ്രനും, ബി.ജെ.പിയുടെ ശ്രീ.എം.ടി രമേശും എതിർ സ്ഥാനാർത്ഥികളായിരുന്നിട്ടും ഒരു മുൻപരിചയവുല്ലായിരുന്ന എനിക്ക് ഈ തിരെഞ്ഞെടുപ്പിൽ വോട്ടുചെയ്ത, പ്രവർത്തിച്ച കോഴിക്കോട് നോർത്തിലെ ജനങ്ങളോടും, സഹപ്രവർത്തകരോടും, എന്നിൽ വിശ്വാസമർപ്പിച്ച് എന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച കോൺഗ്രസ്സ് പാർട്ടിയോടും, യു.ഡി.എഫി.നോടുമുള്ള കടപ്പാട് ജീവിതാവസാനം വരെ കൂടെയുണ്ടാകും.
കോൺഗ്രസ് പാർട്ടിയ്ക്കും, പോഷക സംഘടനകൾക്കും ഒട്ടനവധി തിരുത്തലുകൾ ആവശ്യമാണ്. അത് പറയേണ്ട വേദികളിൽ പറഞ്ഞു തിരുത്തിക്കും.( ചുമതല ഏറ്റെടുത്തതിന് ശേഷം കെ.എസ്.യു പുഃനസംഘടന ഉൾപ്പെടെ രണ്ടു വർഷങ്ങൾക്കു ശേഷം നേതൃത്വത്തോട് കൃത്യമായ ആവശ്യപ്പെട്ട കമ്മിറ്റി കൂടിയാണിത്. പല സാഹചര്യങ്ങളാൽ അത് നടന്നിട്ടില്ല).
ഏറ്റവും വിശാലമായ ജനാധിപത്യ ഇടമാണ് കോൺഗ്രസ് പാർട്ടി വേദികൾ.
അതുകൊണ്ട് എല്ലാ പോരായ്മകളും, അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുമുള്ള വേദിയായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കാണുന്നില്ല, ഒരിക്കൽ കൂടി പറയുന്നു പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയും, തിരുത്തലുകൾക്കും മുമ്പിലുണ്ടാകും.
Adjust Story Font
16