'വിധിയിൽ നിരാശ, വെറുമൊരു വാഹനാപകടം മാത്രമാക്കി മാറ്റാൻ ശ്രമം'; കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ
കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഉറപ്പിക്കുന്ന തരത്തിലാണ് കോടതിവിധി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയതിനെതിരെ കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ (KUWJ). കോടതി വിധി അങ്ങേയറ്റം നിരാശാജനകമാണെന്ന് പ്രസിഡന്റ് എംവി വിനീത പ്രതികരിച്ചു.
"പ്രതികൾ വിചാരണ നേരിടണമെന്ന് പറയുമ്പോഴും പ്രധാന വകുപ്പായ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ഒഴിവായിരിക്കുകയാണ്. വളരെ നിരാശാജനകമായ സമീപനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഉറപ്പിക്കുന്ന തരത്തിലാണ് കോടതിവിധി. ശ്രീറാം വെങ്കിട്ടരാമന് കടുത്ത ശിക്ഷ ലഭിക്കുന്നതിൽ നിന്ന് തടയാനുള്ള ശ്രമങ്ങൾ തുടക്കം മുതലേ നടന്നുവെന്ന് ജേർണലിസ്റ്റ് യൂണിയൻ തുടക്കം മുതൽ തന്നെ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് കോടതി ഉത്തരവ്"; വിനീത പറഞ്ഞു.
വെറുമൊരു മോട്ടോർ വാഹനാപകടക്കേസ് മാത്രമായി കെഎം ബഷീർ കൊലക്കേസ് മാറുമെന്ന സൂചനയാണ് കോടതി ഉത്തരവിലൂടെ ലഭിക്കുന്നത്. എല്ലാ നിയമങ്ങളും അറിയുന്ന അത് നടപ്പിലാക്കാനും പാലിക്കാനും നിർബന്ധിതാനായ ഒരു ഉന്നത ഉദ്യോഗസ്ഥൻ നിയമങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് ഈ കൃത്യം ചെയ്‌തിരിക്കുന്നത്. തന്റെ സ്ഥാനത്തിന് അപഹാസ്യമാകുന്ന തരത്തിലുള്ള പ്രവർത്തികളാണ് പിന്നീട് ശ്രീറാം ചെയ്തത്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ സഹായവും ശ്രീറാമിന് ലഭിച്ചുവെന്നും ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് വിനീത ആരോപിച്ചു.
കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും നൽകിയ വിടുതൽ ഹരജിയിൽ തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഐപിസി 304 ബി പ്രകാരമുള്ള മനഃപൂർവമുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയ കോടതി പ്രതികളുടെ വിടുതൽ ഹരജി തള്ളുകയും ചെയ്‌തു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിച്ചതടക്കമുള്ള കുറ്റങ്ങളും ശ്രീറാമിനെതിരെ നിലനിൽക്കും. അതേസമയം, വഫാക്കെതിരെ അമിതവേഗതയിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചു എന്ന മോട്ടോർ വാഹനനിയമപ്രകാരമുള്ള വകുപ്പ് മാത്രമായിരിക്കും നിലനിൽക്കുക. ചെറിയ ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ഇപ്പോൾ പ്രതികൾക്കെതിരെയുള്ളത്. അതിനാൽ കേസ് സെഷൻസ് കോടതിയിൽ നിന്ന് കീഴ്‌ക്കോടതിയായ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 1ലേക്ക് മാറ്റി.
നവംബർ 20ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് പ്രതികൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Adjust Story Font
16