ഭക്ഷണം ഞങ്ങൾ കൊടുത്തോളാം എന്ന് പറഞ്ഞ ഈഗോ വീടിന്റെ കാര്യത്തിലും സർക്കാർ കാണിക്കണം: കെ.എം ഷാജി
കവളപ്പാറ, പുത്തുമല തുടങ്ങിയ ദുരന്തങ്ങളുടെ ഇരകളുടെ പുനരധിവാസം എവിടെയെത്തിയെന്ന് പരിശോധിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
വയനാട്: യൂത്ത് ലീഗ് വൈറ്റ് ഗാർഡിനോട് ഭക്ഷണം തങ്ങൾ കൊടുത്തോളാം എന്ന് പറഞ്ഞ ഈഗോ വീടിന്റെയും സ്ഥലത്തിന്റെയും കാര്യത്തിലും സർക്കാർ കാണിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഏത് പൊലീസ് ഓഫീസർ പറഞ്ഞാലും വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത് ലീഗ് തുടരും. ദുരിതബാധിതരെ സഹായിക്കുമെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സർക്കാറിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിലയിരുത്തുന്നത് തുടരുമെന്നും ഷാജി പറഞ്ഞു.
കവളപ്പാറ, പുത്തുമല, പെട്ടിമുടി, കൂട്ടിക്കൽ ദുരന്തങ്ങളും താനൂർ ബോട്ടപകടം, തട്ടേക്കാട് ബോട്ടപകടം തുടങ്ങിയവ റിപ്പോർട്ട് ചെയ്തവരാണ് ഇന്ന് മാധ്യമപ്രവർത്തനരംഗത്തുള്ളത്. അതിന് ഇരകളായവരുടെ പുനരധിവാസം എവിടെയെത്തിയെന്ന് മാധ്യമങ്ങൾ പരിശോധിക്കണം. ജീവിതം തിരിച്ചുപിടിക്കാൻ സർക്കാർ അവർക്ക് എന്ത് സഹായമാണ് ചെയ്തതെന്നും ഷാജി ചോദിച്ചു.
പ്രകൃതി ദുരന്തങ്ങൾക്ക് ഇരകളാവുന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു നിയമം രാജ്യം പാസാക്കണം. ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നത് സാമാന്യബുദ്ധിയുടെ പ്രശ്‌നമാണ്. അതേസമയം മിണ്ടാൻ പാടില്ല, മിണ്ടിയാൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഫാഷിസ്റ്റ് മനോഭാവമാണ്. അത് ജനാധിപത്യ സർക്കാറിന് ചേർന്നതല്ലെന്നും ഷാജി പറഞ്ഞു.
Adjust Story Font
16