പരിപാടിക്ക് ആള് വരാത്തതിന് മൈക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, തൊഴിലാളിയോട് പെരുമാറാൻ പഠിക്കണം; എം.വി ഗോവിന്ദനെതിരെ കെ.എം ഷാജി
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്ക് ഒരു കോടി രൂപയാണ് ശമ്പളം. എന്നിട്ടും അദ്ദേഹത്തിന് നാട്ടിലിറങ്ങാൻ 4000 പൊലീസിന്റെ സംരക്ഷണം വേണമെന്നും ഷാജി പരിഹസിച്ചു.
KM Shaji
കോഴിക്കോട്: സി.പി.എം പ്രതിരോധജാഥക്ക് ആള് വരാത്തതിന് മൈക്ക് ഓപ്പറേറ്ററെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പിണറായിക്ക് ശേഷം പാർട്ടിയിൽ ആരാണ് പോക്കിരിയുള്ളതെന്ന സംശയത്തിന് എം.വി ഗോവിന്ദനുണ്ടെന്ന് തെളിഞ്ഞു. മൈക്ക് ഓപ്പറേറ്റർ ഒരു തൊഴിലാളിയാണ്. തൊഴിലാളിപ്പാർട്ടിയായ സി.പി.എം എങ്ങനെയാണ് തൊഴിലാളിയോട് പെരുമാറുന്നതെന്ന് കേരളം കണ്ടെന്നും ഷാജി പറഞ്ഞു.
സർക്കാർ കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഷാജി ആരോപിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡീയ കൈകാര്യം ചെയ്യുന്നവർക്ക് ഒരുകോടി രൂപയിലധികമാണ് ശമ്പളമായി നൽകുന്നത്. കേരളത്തിൽ എല്ലാ കാലത്തും ഇത് ചെയ്തിരുന്നത് പി.ആർ.ഡിയാണ്. പിണറായി സർക്കാർ പി.ആർ.ഡിയെ നോക്കുകുത്തിയാക്കി കോടികൾ ധൂർത്തടിക്കുകയാണ്. ഇത്രയൊക്കെ ചെയ്തിട്ടും നാട്ടുകാർ പൂമാലയിട്ട് സ്വീകരിക്കുന്നില്ല. ജനങ്ങൾക്കിടയിൽ ഇറങ്ങാൻ പിണറായിക്ക് 4000 പൊലീസിന്റെ സംരക്ഷണം വേണമെന്നും ഷാജി പരിഹസിച്ചു.
Adjust Story Font
16