Quantcast

കമ്മ്യൂണിസ്റ്റുകളുടെ മുന്നിൽപോയി നിന്നുകൊടുത്തവരെല്ലാം തലകുനിക്കേണ്ടി വരും-കെ.എം ഷാജി

''ശരീഅത്ത് ബിൽ, സാത്താനിക് വേഴ്‌സസ് നിരോധനം ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും കോൺഗ്രസ് മുസ്‌ലിംകളുടെ കൂടെയായിരുന്നു. ഈ സമയത്തെല്ലാം സി.പി.എം മുസ്‌ലിംകൾക്ക് പാരയായിരുന്നു.''

MediaOne Logo

Web Desk

  • Published:

    17 July 2023 11:51 AM GMT

KM Shaji, CPM seminar on Uniform Civil Code, UCC, CPM
X

കെ.എം ഷാജി

കോഴിക്കോട്: സെമിനാറിന്റെ പേരിൽ കമ്മ്യൂണിസ്റ്റുകളുടെ മുന്നിൽപോയി നിന്നുകൊടുത്തവരെല്ലാം തലകുനിക്കേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് ലീഗെടുത്ത തീരുമാനം രാഷ്ട്രീയപരമാണ്. അതു തിരിച്ചറിയേണ്ടിവരുന്ന നാളുകൾ അധികം വൈകാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിൽ ഇന്നലെ നടന്ന കെ.എം.സി.സി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക സിവിൽകോഡ് പ്രശ്‌നം മതപരമല്ലെന്നും മതേതരമായാണ് ഇതിനെ നേരിടേണ്ടതെന്നും ഷാജി പറഞ്ഞു. വിഷയത്തിൽ സി.പി.എമ്മിന് ഇത്രയും ആത്മാർത്ഥതയുണ്ടെങ്കിൽ കൂട്ടേണ്ടത് കോൺഗ്രസിനെയായിരുന്നു. എന്നാൽ, അവരതു ചെയ്തില്ല. കോൺഗ്രസിനെ കൂട്ടില്ലെന്നു പറഞ്ഞ സി.പി.എം മുൻപ് അടിയന്തരാവസ്ഥയുടെ ഭീഷണിയെ നേരിടാൻ ആർ.എസ്.എസ്സിനോട് കൂട്ടുകൂടുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥയിലും വലിയ പ്രശ്‌നം മുൻപിൽ വന്നു നിൽക്കുമ്പോൾ ഇവർ കോൺഗ്രസിനെ വിളിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''മുസ്‌ലിം ലീഗ് സെമിനാറിൽനിന്നു വിട്ടുനിന്നതിനു രാഷ്ട്രീയ കാരണമുണ്ട്. ദേശീയതലത്തിൽ ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാനാകുക കോൺഗ്രസിനാണ്. സി.പി.എമ്മും മുസ്‌ലിം ലീഗുമെല്ലാം ചെറിയ പാർട്ടികളാണ്. നമ്മളൊന്നും ചെയ്താൽ ഒന്നുമാകില്ല. ഏക സിവിൽകോഡ് വരുന്നത് ഇന്ത്യൻ പാർലമെന്റിലാണ്, കേരള നിയമസഭയിലല്ല.''

''മൗലികവും അടിസ്ഥാനപരവുമായ മുസ്‌ലിം സമുദായത്തിന്റെ ഏതു പ്രശ്‌നങ്ങളും വന്നപ്പോഴും അപ്പോഴൊക്കെ കൂടെനിന്നത് കോൺഗ്രസാണ്. ജവഹർലാൽ നെഹ്‌റു ഒരു നിരീശ്വരവാദിയാണ്. നട്ടപ്പാതിരയ്ക്ക് പോയി പള്ളിയിലും അമ്പലത്തിലും നേർച്ചയിലും പങ്കെടുക്കുന്ന കള്ള കമ്മ്യൂുണിസ്റ്റുകളെപ്പോലെയല്ല. ആ നെഹ്‌റു പോക്കർ സാഹിബ് എന്ന ഒറ്റ ലീഗ് പ്രതിനിധിയുടെ 'നോ' ഇന്ത്യയിലെ മുസ്‌ലിംകളുടെ ശബ്ദമായി കണ്ട ജനാധിപത്യവാദിയാണ്. ശരീഅത്ത് ബിൽ, സാത്താനിക് വേഴ്‌സസ് നിരോധനം ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും കോൺഗ്രസ് മുസ്‌ലിംകളുടെ കൂടെയായിരുന്നു. ഈ സമയത്തെല്ലാം സി.പി.എം മുസ്‌ലിംകൾക്ക് പാരയായിരുന്നു.''

കർണാടകയിൽ കോൺഗ്രസ് സർക്കാർ വന്ന് ഒരു മാസത്തിനകം മതപരിവർത്തന നിരോധന നിയമം എടുത്തുമാറ്റി, ഹിജാബ് വിഷയത്തിൽ പരിഹാരമുണ്ടാക്കി, പാഠപുസ്തകങ്ങളിലെ വിഷലിപ്തമായ ഭാഗങ്ങൾ മാറ്റിച്ചു. ഈ കോൺഗ്രസിനെ ഒറ്റപ്പെടുത്തി കോഴിക്കോട്ട് ഒരു പരിപാടി നടത്തുമ്പോൾ നന്ദികേട് കാണിക്കരുതെന്ന ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗ് പങ്കെടുക്കാതിരുന്നതെന്ന് ഷാജി പറഞ്ഞു.

സി.പി.എം സെമിനാറിന്റെ ലക്ഷ്യം മുസ്‌ലിം വിഷയമാക്കി ഈ പ്രശ്‌നത്തെ മാറ്റലായിരുന്നുവെന്നും അക്കാര്യത്തിൽ അവർ വിജയിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി ലക്ഷ്യമിട്ടത് സി.പി.എം നടത്തിക്കൊടുക്കുകയായിരുന്നു. വ്യക്തിനിയമങ്ങളിൽ മാറ്റംവരുത്തണമെന്ന് എം.വി ഗോവിന്ദൻ ഇന്നലെയും പറഞ്ഞു. ബി.ജെ.പി കൊണ്ടുവന്നതുകൊണ്ടാണ് ഇതിനെ എതിർക്കുന്നതെന്നും പറഞ്ഞു. ലീഗെടുത്ത തീരുമാനം രാഷ്ട്രീയപരമാണ്. അതു തിരിച്ചറിയേണ്ടിവരുന്ന നാളുകൾ അധികം വൈകാതെ വരും. കമ്മ്യൂണിസ്റ്റുകളുടെ മുൻപിൽ പോയി തലകുനിച്ചുനിന്നു കൊടുത്തവർ തലകുനിക്കേണ്ടിവരുമെന്നും കെ.എം ഷാജി കൂട്ടിച്ചേർത്തു.

Summary: ''All those who stood in front of communists in the name of CPM seminar will have to bow down''; Says KM Shaji

TAGS :

Next Story