Quantcast

പറയാൻ ബാക്കിവച്ചതെല്ലാം പറയുക തന്നെ ചെയ്യും; എനിക്കെതിരെ വഴിവിട്ട നീക്കങ്ങൾ നടത്തിയവരെല്ലാം അറിയാനിരിക്കുന്നേയുള്ളൂ- കെ.എം ഷാജി

''കോഴിക്കോട്ട് വർഷങ്ങൾക്കുമുൻപ് നിർമ്മാണം തുടങ്ങിയ വീടിന്റെ പേരിൽ പുകമറ സൃഷ്ടിക്കുന്നവർക്ക് നിരാശയായിരിക്കും ഫലം. രാജ്യത്ത് നീതിപീഠമുണ്ടെന്നും ന്യായം പരിശോധിക്കാൻ സംവിധാനമുണ്ടെന്നും തികഞ്ഞ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെയും തല ഉയർത്തിപ്പിടിച്ചും ഇനിയും മുന്നോട്ടുപോകും.''

MediaOne Logo

Web Desk

  • Published:

    6 May 2022 4:05 PM GMT

പറയാൻ ബാക്കിവച്ചതെല്ലാം പറയുക തന്നെ ചെയ്യും; എനിക്കെതിരെ വഴിവിട്ട നീക്കങ്ങൾ നടത്തിയവരെല്ലാം അറിയാനിരിക്കുന്നേയുള്ളൂ- കെ.എം ഷാജി
X

കോഴിക്കോട്: ഭരണകൂടവേട്ടയെ നിയമത്തിന്റെ പിൻബലത്തോടെ എതിർത്തുതോൽപ്പിക്കുമെന്നും അതിന്റെ ആദ്യ പടിയാണ് ഹൈക്കോടതി വിധിയിലൂടെ പ്രകടമായതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സി.പി.എം കേന്ദ്ര ഏജൻസിയെ കൂട്ടുപിടിച്ച് വീട് കണ്ടുകെട്ടാൻ നടത്തിയ നീക്കം വഴിവിട്ടതും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് കോടതി ഇടപെടലിലൂടെ വ്യക്തമായി. നിയമപരമായി നീങ്ങുന്ന വിഷയത്തിൽ സൂക്ഷ്മതയോടെ നീങ്ങിയപ്പോൾ അതൊരു ദൗർബല്യമായി ചിലരെങ്കിലും കരുതി. തെറ്റുചെയ്തിട്ടില്ലെന്ന് പൂർണബോധ്യമുള്ളതിനാൽ ലവലേശം ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

''വേട്ടയാടലിന്റെ ഏറ്റവും മോശമായ ഉപകരണങ്ങളാണ് സി.പി.എമ്മും ഭരണകൂടവും പുറത്തെടുത്തത്. അന്വേഷണ ഏജൻസികൾ രാജ്യത്തെ നിയമത്തിനു മുകളിലല്ലെന്ന് ഉറപ്പുള്ളതിനാൽ കോടതിയെ സമീപിക്കാൻ പോലും അതിന്റെതായ സമയം വരട്ടെയെന്നു കാക്കുകയായിരുന്നു. നിയമപരമായ വഴിയിലെ ആദ്യത്തെ ചുവടുവയ്പ്പാണിത്. നിയമം എനിക്ക് അതിന്റെ പരിരക്ഷ ഉറപ്പുവരുത്തി. പ്രഥമദൃഷ്ട്യാതന്നെ കേസിൽ ശരികേടുണ്ടെന്ന് ബോധ്യപ്പെട്ടാണ് കോടതി കേസ് സ്റ്റേ ചെയ്തത്.''ഷാജി പറഞ്ഞു.

''പിണറായി വിജയന്റെ വിജിലൻസ് അന്വേഷണം നടത്തി പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ അഴീക്കോട് സ്‌കൂൾ മാനേജ്മെന്റിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതാണ്. എന്നിട്ടും പി.ഡബ്ല്യു.ഡിയെ കരുവാക്കി വീടിന്റെ വില കൂട്ടിക്കാണിച്ച് വരവിൽ കവിഞ്ഞ സ്വത്തെന്ന് വരുത്തിത്തീർത്ത ഹീനമായ തന്ത്രം രാജ്യത്തുതന്നെ ആദ്യത്തേതാവും. കോഴിക്കോട്ട് വർഷങ്ങൾക്കുമുൻപ് നിർമ്മാണം തുടങ്ങിയ വീടിന്റെ പേരിൽ പുകമറ സൃഷ്ടിക്കുന്നവർക്ക് നിരാശയായിരിക്കും ഫലം.''

രാജ്യത്ത് നീതിപീഠമുണ്ടെന്നും ന്യായം പരിശോധിക്കാൻ സംവിധാനമുണ്ടെന്നും തികഞ്ഞ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെയും തല ഉയർത്തിപ്പിടിച്ചും ഇനിയും മുന്നോട്ടുപോകും. പറയാൻ ബാക്കിവച്ചതെല്ലാം പറയുക തന്നെ ചെയ്യും. എന്നിട്ടേ ഇത് അവസാനിപ്പിക്കൂ. തനിക്കെതിരെ വ്യാജ തെളിവുകളും വഴിവിട്ട നീക്കങ്ങളും നടത്തിയവരെല്ലാം നിയമത്തിന്റെ ശക്തി അറിയാനിരിക്കുന്നേയുള്ളൂവെന്നും കെ.എം ഷാജി വ്യക്തമാക്കി.

Summary: All those who had given false evidence against me would know the power of the law, says Muslim League Kerala state general secretary KM Shaji on ED case

TAGS :

Next Story