'ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല'; വിശദീകരണവുമായി കെ.എം ഷാജി
''ധാർമികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തിൽ സർക്കാർ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താൻ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തിൽ ഞാനുണ്ടാകും. എൻ്റെ പ്രസ്ഥാനവും''
KM Shaji
കോഴിക്കോട്: ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ പേരിൽ അരാജകത്വം ഒളിച്ചുകടത്തുന്നതിനെതിരെയാണ് തന്റെ നിലപാടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ധാർമികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തിൽ സർക്കാർ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താൻ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും ഷാജി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എന്റെ നിലപാട് ഞാൻ പറയാം. മറ്റുള്ളവർ അവരുടെ മനോ വൈകൃതങ്ങൾക്ക് അനുസരിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതില്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ ഞാൻ അടച്ചാക്ഷേപിച്ചിട്ടില്ല.
Lgbtqia++ എന്നതിൽ എൻ്റെ വീക്ഷണം താഴെ ചേർക്കുന്നു. L എന്നാൽ lesbian - അഥവാ ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് തോന്നുന്ന ലൈംഗിക ആകർഷണമാണ്. G എന്നാൽ gay അഥവാ പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗികാകർഷണം. B എന്നാൽ bisexual അഥവാ ആണിനോടും പെണ്ണിനോടും ലൈംഗിക ആകർഷണം തോന്നിയേക്കാവുന്ന അവസ്ഥ.
മുകളിൽ പറഞ്ഞ മൂന്നും പ്രകൃതിവിരുദ്ധമാണ്. ഞാൻ ഇവരെയാണ് പ്രശ്നവത്കരിച്ചത്. T എന്നാൽ ട്രാൻസ്ജെൻഡർ അഥവാ പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സും, അല്ലെങ്കിൽ സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസ്സുമുള്ളവർ. ഇവരെ അവരുടെ ശരീരമേതാണോ അതിനനുസരിച്ച് അവരുടെ മനസ്സിനെ ശരീരത്തിലേക്ക് പരിവർത്തിപ്പിക്കാനാവശ്യമായ ചികിത്സ, കൗൺസിലിംഗ് മുതലായവയിലൂടെ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്.
മനസ്സിന്റെ 'തോന്നലുകൾ'ക്കനുസരിച്ച് അവരെ ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തുക എന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഒരുവേള അവരെ കൂടുതൽ മാനസിക സംഘർഷങ്ങളിലേക്കും ജീവനു തന്നെ ഭീഷണിയാവുന്ന ശാരീരിക പ്രത്യാഘാതങ്ങളിലേക്കും വലിച്ചിഴക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഈ വിഭാഗത്തെ സമൂഹത്തിൽ നിന്ന് മാറ്റി പാർപ്പിക്കുകയല്ല വേണ്ടത്. അവരെ മുഖ്യധാരയിൽ ചേർത്ത് പിടിക്കണം. അവരെ ഒറ്റപ്പെടുത്തരുത്. അവർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
Q എന്നാൽ Queer അഥവാ സ്വന്തം ലൈംഗികതാത്പര്യം ഏതെന്ന് ഇതുവരെ നിശ്ചയിക്കാത്തവരോ, ആൺ-പെൺ ദ്വന്ദ്വത്തിനെതിരായ മറ്റു ലൈംഗിക താൽപര്യങ്ങൾ വെച്ച് പുലർത്തുന്നവരെ മൊത്തത്തിലായുമൊക്കെ ഈ വിഭാഗത്തിൽപ്പെടുത്താറുണ്ട്.
I എന്നാൽ ഇന്റെർസ്സ് ശാരീരികമായി തന്നെ രണ്ട് ലൈംഗികാവയവങ്ങളുമായോ, അല്ലെങ്കിൽ ഒന്ന് പ്രകടമായും മറ്റേത് ആന്തരികമായും എല്ലാം ഉള്ള അവസ്ഥ. ഇത് അപൂർവ്വം ആളുകൾക്ക് സംഭവിക്കുന്ന ഒരു കാര്യമാണ്. ഇവരുടെ ശരീരപ്രകൃതി, ഹോർമോൺ എന്നിവയുടെ അടിസ്ഥാനത്തിൽ അവരുടെ സെക്സ് ഏതാണോ, അതിലേക്ക് അവരുടെ ലൈംഗികാവയവവും ശസ്ത്രക്രിയയിലൂടെ പരിവർത്തിപ്പിക്കപ്പെടുകയാണ് പരിഹാരം. ഇവർക്കാണ് യഥാർത്ഥത്തിൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്; അല്ലാതെ സ്വന്തം 'തോന്നലുകൾ'ക്കനുസരിച്ച് താൽപര്യങ്ങൾ മാറിമാറി വരുന്ന ട്രാൻസ്ജെൻ്ററിനല്ല എന്നത് ചേർത്ത് വായിക്കണം.
A എന്നാൽ അസെക്ഷ്വൽ അഥവാ വിവാഹത്തിൽ തന്നെ താല്പര്യമില്ലാത്തവർ. ഇവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാതിരിക്കുകയാണ് വേണ്ടത്. ഇതിനെ തുടർന്നുള്ള ++..... എന്ന ചിഹ്നമാണ് അത്യന്തം അപകടം. ഇതൊരു തുറന്ന വാതിലായതുകൊണ്ട് തന്നെ, ഇതിലേക്ക് ഇനിയും പലതും വരാനിരിക്കുന്നു. പീഡോഫീലിയ (ചെറിയ കുട്ടികളോടുള്ള ലൈംഗിക ആകർഷണം)യും, നെക്രോഫീലിയ (ശവരതി)യും, മൃഗരതിയും Incest (ബന്ധുക്കളുമായുള്ള ലൈംഗിക ബന്ധം) പോലുള്ളവയുമൊക്കെ നോർമൽ ആണെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെ ഇന്ന് പാശ്ചാത്യ ലോകത്ത് നമുക്ക് കാണാൻ കഴിയും എന്നത് ഒരു പച്ചയായ ഥാർഥ്യമാണ് ! ഇത്തരം 'അവസ്ഥ'കളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പരിഗണന അർഹിക്കുന്ന (ട്രാൻസ്ജെൻഡറും ഇന്റർസെക്സും പോലുള്ള)വരുടെ പ്രയാസങ്ങൾ ഉയർത്തിപ്പിടിച്ച് അവരുടെ മറവിൽ അരാജകത്വ അജണ്ടകളെ നടപ്പിലാക്കാനുള്ള ശ്രമമാണ് ജെൻഡർ പൊളിറ്റിക്സ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ LGBTQ+ ആക്ടിവിസം.
ഈ വിഷയത്തെ വ്യക്തമായി തിരിച്ചറിഞ്ഞവർ സമൂഹത്തിൽ കുറവാണന്നത് ഒരു യഥാർഥ്യമാണ്. ഇവർ ഒരു ലൈംഗിക ന്യൂനപക്ഷമായതിനാൽ അവരെ ചേർത്തുപിടിക്കണം എന്ന കേവലധാരണക്കും സഹതാപത്തിനുമപ്പുറം ഈ വിഷയത്തിൽ ഒളിഞ്ഞുകിടക്കുന്ന അജണ്ടകളെയും ഇത് ഭാവിയിൽ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും തിരിച്ചറിയാൻ പലർക്കും സാധിച്ചിട്ടില്ല. മാധ്യമപ്രവർത്തകർ നയിക്കുന്ന ചർച്ചകൾ പോലും ഇതിൻ്റെ ഒരു വൈകാരികതലം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് നടത്താറുള്ളത്. വിചാര തലത്തിലേക്ക് വരാൻ അവർ തയ്യാറാവാറില്ല. പരിഗണിക്കേണ്ടവരെ പരിഗണിക്കണം. അവഗണിക്കേണ്ടവരെ അവഗണിച്ചും പോകണം.
നിലവിലുള്ള ഹെറ്ററോനോർമേറ്റിവിറ്റി (അഥവാ എതിർവർഗ ലൈംഗിക സ്വാഭാവികത)യെ തകർത്ത് ഹോമോ സെക്ഷ്വാലിറ്റിയെ നോർമൽ ആയി സ്ഥാപിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോൾ നടന്നുവരുന്നത്. ഇത് ഒറ്റപ്പെട്ട ശബ്ദങ്ങളാണെങ്കിൽ നമുക്ക് അവഗണിക്കാമായിരുന്നു. നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തന്റെ ട്വീറ്റിൽ പറഞ്ഞത് പോലെ, 'നിലവിൽ സമൂഹത്തിലുള്ള എതിർ വർഗ്ഗ ലൈംഗിക സ്വാഭാവികതാ (heteronormative) പൊതുബോധം പൊളിച്ചെഴുതി വളരെ സ്വതന്ത്രമായ വിദ്യാഭ്യാസപ്രക്രിയയും സാമൂഹ്യഘടനയും ഉണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യം'.
എത്ര മാത്രം ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ഭരണത്തിലുള്ളവർ പോലും മനസ്സിലാക്കുന്നില്ല എന്നത് വളരെ സങ്കടകരമാണ്. 'അതിരുകളില്ലാത്ത ലോകം' എന്ന കാമ്പയിനിലൂടെ SFI യും കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്കൂളുകൾ മുഖേനയും ഈ ആശയം ബോധപൂർവ്വം പ്രചരിപ്പിക്കുന്നു. ഇതേ കാര്യം പാഠപുസ്തകത്തിലും സ്ഥാനം പിടിക്കാൻ പോകുന്നു. ഇത് നിയമസഭയിൽ വിവാദമായപ്പോൾ പോലും എഴുതി നൽകിയ മറുപടിയിൽ 'ജെൻഡർ ഒരു സാമൂഹ്യ നിർമ്മിതിയാണ്' എന്ന, ജൻഡർ പൊളിറ്റിക്സിന്റെ അടിസ്ഥാന ആശയത്തെ വീണ്ടും ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു!
ധാർമികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തിൽ സർക്കാർ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താൻ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തിൽ ഞാനുണ്ടാകും. എൻ്റെ പ്രസ്ഥാനവും. യാതൊരു സംശയവും ആർക്കും വേണ്ട. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടതുമില്ല.
Adjust Story Font
16