കെ.എം ഷാജി പ്രവർത്തക സമിതിക്ക് ശേഷം വിളിച്ചിട്ടില്ല, ഉടൻ സംസാരിക്കും : സാദിഖലി ശിഹാബ് തങ്ങൾ
പാർട്ടി വേദിയിൽ വിമർശനങ്ങളുണ്ടാകുമെന്നും നാട്ടിലെത്തിയാൽ ഷാജിയോട് കാര്യങ്ങൾ സംസാരിക്കുമെന്നും തങ്ങൾ
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി അദ്ദേഹത്തിനെതിരെ വിമർശനമുയർന്ന പ്രവർത്തക സമിതിക്ക് ശേഷം വിളിച്ചിട്ടില്ലെന്നും അങ്ങോട്ട് ഫോൺ വിളിക്കാൻ ഇരിക്കുകയാണെന്നും പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ. പ്രവർത്തക സമിതിക്ക് ശേഷം തന്നെ വിളിച്ചിരുന്നുവെന്ന ഷാജിയുടെ പരാമർശം തള്ളിയായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവേ തങ്ങളുടെ പ്രതികരണം. പാർട്ടി വേദിയിൽ വിമർശനങ്ങളുണ്ടാകുമെന്നും നാട്ടിലെത്തിയാൽ ഷാജിയോട് കാര്യങ്ങൾ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗിലെ ഒരു വിഭാഗത്തെ പരോക്ഷമായി ലക്ഷ്യമിട്ട് ഷാജി പ്രസംഗിക്കുന്നതായി ലീഗ് പ്രവർത്തക സമിതിയിൽ വിമർശനമുണ്ടായിരുന്നു. ഇതിന് ശേഷം ഗൾഫിൽ നടന്ന പരിപാടിയിലും ഷാജി ഇത്തരം പ്രസംഗം തുടർന്നിരുന്നു. ഇന്ന് പാർട്ടി പരിപാടിയിൽ ഷാജിക്കെതിരെ പരോക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പ്രസംഗിച്ചിരുന്നു. മുസ്‌ലിം ലീഗ് ഒരു വലിയ വടവൃക്ഷമാണെന്നും അതിന്റെ കൊമ്പിൽ വീഴുന്നവർക്ക് മാത്രമാണ് പരിക്കേൽക്കുകയെന്നും പി.കെ ഫിറോസ് പരിപാടിയിൽ പറഞ്ഞത്.
വടവൃക്ഷത്തിന്റെ കൊമ്പിൽ കയറി വല്ലാതെ കസർത്ത് കളിച്ചാൽ ചിലപ്പോൾ കൊമ്പൊടിയുമെന്നു മറ്റു ചിലപ്പോൾ കൊമ്പിൽ നിന്ന് തെന്നിവീഴുമെന്നും രണ്ടായാലു വീഴുന്നവർക്ക് മാത്രമാണ് പരിക്കെന്നും ഈ വടവൃക്ഷത്തിന് ഒരു പരിക്കും ഏൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടവൃക്ഷത്തിന്റെ കൊമ്പിൽ നമ്മളെക്കെ ഇരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എം ഷാജിക്കെതിരെ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനമുയർന്നിരുന്നു. പാർട്ടി വേദികളിൽ അല്ലാതെ പാർട്ടിക്കെതിരെ ഷാജി വിമർശനം ഉന്നയിക്കുന്നുവെന്നും ഷാജിക്കെതിരെ നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സൗദിയിലെ ഒരു പരിപാടിയിൽ പോലും പ്രധാന നേതാക്കളെ ഉന്നം വയ്ക്കുന്ന രീതിയിൽ ഷാജി പ്രസംഗിച്ചു എന്നാണ് യോഗത്തിൽ പ്രധാനമായും വിമർശനമുയർന്നത്. ചാനൽ അഭിമുഖങ്ങളിലും മറ്റും പാർട്ടിക്കെതിരെ ഷാജി വിമർശനമുന്നയിച്ചിരുന്നു. ലീഗിന്റെ ഉന്നതാധികാര സമിതി എന്ന ബോഡി ഭരണഘടനാനുസൃതമല്ലെന്ന വിമർശനമടക്കം കെ.എം ഷാജിയുടെ ഭാഗത്തുണ്ടായിരുന്നു.
പ്രവർത്തക സമിതിയിലെ വിമർശനത്തോട് കെ.എം ഷാജി പിന്നീട് പ്രതികരിച്ചു. ശത്രുപാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരിൽ താനുണ്ടാകില്ലെന്നും ലീഗ് പ്രവർത്തക സമിതിയിൽ തനിക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്നും പാർട്ടി തിരുത്തിയാൽ മനംനൊന്ത് ശത്രുപാളയത്തിൽ അഭയം തേടില്ലെന്നും ഷാജി പറഞ്ഞു. ഒമാനിലെ മസ്‌കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ സംഘടിപ്പിച്ച 'ഉദയം 2022' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാജി.
''നേതാക്കന്മാർക്കിടയിൽ ചർച്ചയും ആലോചനയും അഭിപ്രായവും അഭിപ്രായ വ്യത്യാസവുമുണ്ടാകും. ലീഗ് യോഗത്തിൽ കെ.എം ഷാജിക്കെതിരെ വലിയ വിമർശനമുണ്ടായെന്ന് ഇന്നലെ വാർത്തകൾ വന്നു. ലീഗിനകത്ത് വിമർശനമൊക്കെയുണ്ടെന്ന് നിങ്ങൾ സമ്മതിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ, യോഗത്തിൽ അങ്ങനെ വിമർശനമൊന്നും എനിക്കെതിരെ നടന്നിട്ടില്ലെന്ന് പാർട്ടി സെക്രട്ടറിയും ചുമതലക്കാരുമെല്ലാം പറഞ്ഞത്.''-അദ്ദേഹം പറഞ്ഞു.
എന്റെ പാർട്ടി എന്നെ തിരുത്തിയാലും വിമർശിച്ചാലും അതിൽ മനംനൊന്ത് ശത്രുപാളയത്തിൽ ഞാൻ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും. ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിലാകില്ല. അതുകണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട. എന്റെ ശ്വാസവും ശക്തിയും ധാരണയും കാഴ്ചപ്പാടുകളുമെല്ലാം രൂപപ്പെടുത്തിയതും എന്നെ ഞാനാക്കിയതും ഈ പാർട്ടിയാണ്. ശത്രുവിന്റെ പാളയത്തിൽ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ പറ്റുന്ന കൂട്ടത്തിൽ ഷാജിയും ലീഗുകാരും ഉണ്ടാകില്ല-ഷാജി വ്യക്തമാക്കി.
KM Shaji has not called after the working committee, will speak soon : Sadik ali Shihab Thangal
Adjust Story Font
16