Quantcast

ആലഞ്ചേരിയുടെ പ്രസ്താവന പ്രവാസികളെയും അറബ് സഹോദരങ്ങളെയും അപമാനിക്കുന്നത്: കെ.എം.സി.സി

ഇന്ത്യയിൽ ഹിന്ദുത്വ ആധിപത്യം മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഇന്ത്യയുടെ മതേതരവും ജനാധിപത്യപരവുമായ നിൽനിൽപിനെയും നമ്മുടെ ഭരണഘടനയെയുമാണ് അത് ബാധിക്കുകയെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    13 April 2023 2:36 PM GMT

ആലഞ്ചേരിയുടെ പ്രസ്താവന പ്രവാസികളെയും അറബ് സഹോദരങ്ങളെയും അപമാനിക്കുന്നത്: കെ.എം.സി.സി
X

ദുബൈ: മുസ്‌ലിം രാജ്യങ്ങളിൽ മറ്റെല്ലാ മതക്കാരെയും തുരത്തുക എന്നതാണ് രീതിയെന്ന സിറോ മലബാർ സഭാ മേധാവി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന ദുരുദ്ദേശപരവും ജി.സി.സി രാജ്യങ്ങളിലെ പ്രവാസികളെയും അറബ് സഹോദരങ്ങളെയും അപമാനിക്കുന്നതുമാണെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ. രാജ്യത്തെ ബി.ജെ.പി ഭരണത്തിൽ ക്രൈസ്തവ വിഭാഗത്തിന് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്ന അദ്ദേഹത്തിന്റെ വാദം ശരിയോ തെറ്റോ എന്നത് ക്രൈസ്തവ സഹോദരങ്ങൾ തീരുമാനിക്കട്ടെ. അതോടൊപ്പം അദ്ദേഹം പറഞ്ഞ കല്ലുവച്ച നുണ അപലപനീയമാണ്. മുസ്‌ലിം രാജ്യങ്ങളിൽ എവിടെ നിന്നാണ് ക്രൈസ്തവരെ തുരത്തുന്നത്, മുസ്‌ലിംകളും കൃസ്ത്യാനികളും ഹിന്ദുക്കളും നാട്ടിൽ ഇന്നുള്ളതിലും ഐക്യത്തിലും പരസ്പര സഹായത്തിലും കഴിയുന്ന ജി.സി.സി രാജ്യങ്ങളിലെ വിദേശ പൗരന്മാരെയും സ്വദേശികളെയും ഒരുപോലെ അപമാനിക്കുകയാണ് കർദിനാൾ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥ എല്ലാവർക്കും അറിയാവുന്നതാണ്. വിവിധ രാജ്യാന്തര ഏജൻസികൾ പോലും ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പഠനവിധേയമാക്കുകയും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഹിന്ദുത്വ ആധിപത്യം മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഇന്ത്യയുടെ മതേതരവും ജനാധിപത്യപരവുമായ നിൽനിൽപിനെയും നമ്മുടെ ഭരണഘടനയെയുമാണ് അത് ബാധിക്കുക. കർദിനാൾ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനായി തെറ്റായ പ്രചാരണമാണ് നടത്തുന്നത്.

ഇന്ത്യയിലെ മുസ്‌ലിംകൾ ബി.ജെ.പി ഭരണത്തിൽ അസ്വസ്ഥരാവുന്നത് ജീവിക്കാനും മതം അനുഷ്ടിക്കാനുമുള്ള അവകാശങ്ങൾക്ക് ഭീഷണി നേരിടുന്നതിനാലാണ്. കർദിനാൾ പറയുന്നത് മുസ്‌ലിം ഭൂരിപക്ഷമുളള രാജ്യങ്ങളിൽ മറ്റെല്ലാ മതക്കാരെയും തുരത്തുക എന്നതാണ് രീതി, അതേ രീതിയിൽ ഹിന്ദുക്കൾ മുസ്‌ലിംകളെ തുരത്തുമെന്ന് മുസ്‌ലിംകൾ പേടിക്കുന്നു എന്നാണ്. തീർത്തും അപലപനീയമായ പ്രസ്താവനയാണിത്. രാജ്യത്തെ വിവിധ മത വിഭാഗങ്ങളെ പരസ്പരം ശത്രുക്കളായി അവതരിപ്പിക്കുന്നു എന്നതാണ് കർദിനാൾ പറഞ്ഞതിലെ അപരാധം. അത് സംഘ്പരിവാറിന്റെ അജണ്ടയാണ്. എന്നാൽ അതിലേറെ അപകടകരമാണ് ജി.സി.സി രാജ്യങ്ങളിലേക്ക് കൂടി വെറുപ്പ് കയറ്റി അളക്കാനുള്ള കർദിനാളിന്റെ ശ്രമം. സൗഹൃദത്തിലും സന്തോഷത്തിലും കഴിയുന്ന പ്രവാസികളെ കൂടി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചർച്ചകളിലേക്ക് മതമേലധ്യക്ഷന്മാർ വലിച്ചിഴക്കുന്നത് ഖേദകരമാണ്. ഇത്തരം വെറുപ്പിന്റെ പ്രചാരകരെ തുരത്താൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കുക തന്നെ ചെയ്യുമെന്നും പുത്തൂർ റഹ്മാൻ വ്യക്തമാക്കി.

'ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്'് നൽകിയ അഭിമുഖത്തിലാണ് കർദിനാൾ ജോർജ് ആലഞ്ചേരി വിവാദ പ്രസ്താവന നടത്തിയത്. ഹിന്ദുക്കൾക്ക് പരമാധികാരം ലഭിച്ചാൽ തങ്ങളെ ആട്ടിയോടിക്കുമെന്ന് മുസ്‌ലിംകൾ ഭയപ്പെടുന്നത് ചില മുസ്‌ലിം രാജ്യങ്ങളിൽ മറ്റു സമുദായങ്ങളെ അടിച്ചമർത്തുന്ന രീതി കണ്ടാണെന്നായിരുന്നു ജോർജ് ആലഞ്ചേരിയുടെ പരാമർശം.

TAGS :

Next Story