കെഎംസിസിക്ക് ഇനി പുതിയ ലോഗോ; സാദിഖലി തങ്ങൾ പ്രകാശനം ചെയ്തു
എല്ലാ രാജ്യങ്ങളിലെയും കെഎംസിസി കമ്മിറ്റികൾക്ക് ഇനി ഏകീകൃത ലോഗോ ആയിരിക്കും.
കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെഎംസിസി കമ്മിറ്റികൾക്ക് ഏകീകൃത ലോഗോ നിലവിൽ വന്നു. കോഴിക്കോട് സമാപിച്ച കെഎംസിസി ഗ്ലോബൽ സമ്മിറ്റിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ലോഗോ പ്രകാശനം ചെയ്തത്. കേരളത്തിന്റെ സംസ്‌കാരത്തിന്റെയും പ്രവാസത്തിന്റെയും വിവിധ വശങ്ങളുടെ പ്രതീകങ്ങളാണ് ലോഗോയിൽ അടയാളപ്പെടുത്തുന്നത്. പച്ചയുടെയും നീലയുടെയും കലർപ്പുള്ള ടീൽ കളർ കേരളത്തിലെ ആദ്യ തലമുറയിലെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും കടലും ആകാശവുമെല്ലാം നീല നിറത്തെ പ്രതിനിധീകരിക്കുന്നു. കെഎംസിസി അതിന്റെ യൂണിറ്റുകൾ ജിസിസിക്ക് അപ്പുറം ഏഷ്യ, അമേരിക്കൻ വൻകരകൾ, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതും ഈ നിറത്തിന്റെ സൂചനയാണ്.
ലോഗോയിലെ അറബിക് കാലിഗ്രാഫിക് ശൈലിയിലുള്ള ഫോണ്ട് ലോകമെമ്പാടുമുള്ള മുസ്ലിം സംസ്‌കാരത്തിനും കേരളത്തിലെ കുടിയേറ്റ സമൂഹത്തിന് തുടക്കത്തിൽ ആതിഥേയത്വം വഹിച്ച അറബ് രാജ്യങ്ങൾക്കുമുള്ള ആദരവാണ്. ലോഗോയിലെ ചിത്രത്തിന് തെങ്ങിനോടും ഈന്തപ്പനയോടും സാമ്യമുണ്ട്. മെച്ചപ്പെട്ട ഭാവി തേടി വീട്ടിൽ നിന്ന് ദൂരേക്ക് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരുടെ അഭിലാഷങ്ങളെയും ഈ ഇലകൾ പ്രതിഫലിപ്പിക്കുന്നു. തണലും പ്രതീക്ഷയും അഭയവുമായ കെഎംസിസിയെ ഇലകൾ പ്രതീകവൽക്കരിക്കുന്നു.
Adjust Story Font
16