Quantcast

'ഒരുപാട് സ്വപ്‌നം കണ്ടവർ... ഇപ്പോൾ ആറടി മണ്ണിന്റെ ഭാഗം, വേദനാജനകം'; സാദിഖലി തങ്ങൾ

ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾക്ക് കുവൈത്തിലേക്ക് പോകാനുള്ള സഹായം കെഎംസിസി ഒരുക്കുമെന്നും സാദിഖലി തങ്ങൾ

MediaOne Logo

Web Desk

  • Published:

    14 Jun 2024 1:11 PM GMT

KMCC will arrange assistance for relatives of injured to go to Kuwait
X

തീരൂർ: അത്യന്തം വേദനാജനകമായ സംഭവമാണ് കുവൈത്തിലുണ്ടായതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. കുവൈത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ സകല സഹായങ്ങളുമുണ്ടെന്നും കെഎംസിസി പ്രവർത്തകരുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

"വല്ലാതെ വേദനിപ്പിച്ച സംഭവമാണ് കുവൈത്തിലുണ്ടായത്. സ്വന്തം കുടുംബത്തെ പോറ്റുന്നതിന് വേണ്ടി നാടും വീടും വിറ്റ് വിദേശരാജ്യത്ത് ചേക്കേറുന്ന പ്രവാസികൾ... ഒരുപാട് സ്വപ്‌നങ്ങൾ കണ്ടാണ് അവരവിടെ ജീവിച്ചത്. എന്നാലതെല്ലാം ബാക്കിയാക്കി അവരിപ്പോൾ ആറടി മണ്ണിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. മലയാളികളായ 25ഓളം പേരുമുണ്ടതിൽ. 27ഓളം പേർ കുവൈത്തിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം. അതിൽ തന്നെ ഗുരുതരാവസ്ഥയിൽ ഒമ്പത് പേരുണ്ട്. അവർക്ക് കുവൈത്ത് സർക്കാരും ഇവർ ജോലി ചെയ്തിരുന്ന കമ്പനിയുമെല്ലാം വലിയ സഹായമാണ് ചെയ്യുന്നത്.

മലയാളി സംഘടനയായ കെഎംസിസിയും ആശുപത്രിയിൽ സഹായങ്ങൾക്ക് മുന്നിലുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് ഞങ്ങൾ. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ കുടുംബങ്ങൾക്ക് കുവൈത്തിലേക്ക് പോകുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കാൻ തയ്യാറാണെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് അടക്കം അവർ എടുത്ത് കൊടുക്കും". അദ്ദേഹം പറഞ്ഞു.

കുവൈത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം രാവിലെ പത്തരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എന്നിവരുൾപ്പടെ അന്തിമോപചാരം അർപ്പിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർ ഹെർക്കുലിന് വിമാനത്തിലാണ് മൃതദേഹങ്ങൾ വിമാനത്താവളത്തിൽ എത്തിച്ചത്. അരമണിക്കൂറോളം വിമാനത്താവളത്തിൽ പൊതുദർശനമുണ്ടായിരുന്നു. ആദരസൂചകമായി പൊലീസ് ഗാർഡ് ഓഫ് ഓണറും നൽകി. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയത്. 12 പേരുടെ സംസ്‌കാരം ഇന്ന് നടത്തും. ബാക്കിയുള്ളവരുടെ സംസ്‌കാരം പിന്നീട്.

TAGS :

Next Story