'എന്റെ വോട്ട് ഖാർഗെയ്ക്ക്'; തരൂരിനെ തള്ളി കെ. മുരളീധരൻ
'തരൂരിന് സാധാരണക്കാരുമായി ചേർന്നുള്ള പ്രവർത്തന പരിചയം കുറവ്'
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മല്ലിഖാർജുൻ ഖാർഗേക്കാണെന്ന് കോൺഗ്ര്‌സ് നേതാവ് കെ. മുരളീധരൻ. തരൂരിന് സാധാരണക്കാരുമായി ചേർന്നുള്ള പ്രവർത്തന പരിചയം കുറവാണ്. സാധാരണക്കാരെ മനസിലാക്കുന്ന നേതാവ് കോൺഗ്രസ് അധ്യക്ഷനായി വരണം. അംഗങ്ങൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് നൽകാം തന്റെ വോട്ട് ഖാർഗേക്കാണെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ മുൻപും തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. നെഹ്റു കുടുംബം വിട്ടുനിൽക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഖാർഗേയ്ക്ക് പിന്തുണ നൽകുന്നുവെന്ന് കരുതി തരൂരിനെ തള്ളിക്കളയുന്നില്ല. അദ്ദേഹത്തിന്റെ നിർദേശങ്ങളോട് യോജിക്കുന്നു. തെരഞ്ഞെടുപ്പാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയെ നേരിടാൻ ബഹുജന മുന്നേറ്റമാണ് ആവശ്യം. രാഹുലിന്റെ ഭാരത് ജോഡോ യാത്ര അതിന് വേണ്ടിയാണ്. പ്രായം കൂടുതലുള്ളതൊന്നും അയോഗ്യതയല്ല എന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം മല്ലികാർജുൻ ഖാർഗെക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന തുടങ്ങിയ ഇടങ്ങളിൽ ചെന്നിത്തല പോകും.
എന്നാല്‍ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളുടെ നിലപാട് അനുകൂലമല്ലെങ്കിലും കേരളത്തിൽ നിന്ന് പരാമാവധി വോട്ടുകൾ സമാഹരിക്കാനാണ് തരൂരിന്റെ നീക്കം. യുവനേതാക്കളെ ഉപയോഗപ്പെടുത്തി വോട്ടർമാരെ ഒപ്പം നിർത്താനാണ് ശ്രമം. ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകിയ നേതാക്കളുമായി ചർച്ച നടത്തില്ലെന്ന് പറഞ്ഞെങ്കിലും തരൂർ ഉമ്മൻചാണ്ടിയെ വീട്ടിലെത്തി കണ്ടു. കേരളത്തിൽ നിന്ന് ഭൂരിപക്ഷം വോട്ടുകൾ തനിക്ക് കിട്ടുമെന്നും തരൂർ അവകാശപ്പെട്ടു.
Adjust Story Font
16