കെ.എൻ.എ ഖാദർ മതനിരപേക്ഷ സമൂഹത്തോട് മാപ്പ് പറയണം - വെൽഫെയർ പാർട്ടി
ആർ.എസ്.എസിന് മതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂനപക്ഷങ്ങളെ വംശീയ ഉൻമൂലനം ചെയ്യലാണ് അവർ ലക്ഷ്യത്തിലേക്കുള്ള വഴിയായി കാണുന്നതെന്നും ഏതൊരു കൊച്ചു കുട്ടിക്കുപോലും അറിയാവുന്ന കാര്യമാണ്
തിരുവനന്തപുരം: ആർ.എസ്.എസ് വേദിയിൽ സ്വീകരണം ഏറ്റുവാങ്ങിയ കെ.എൻ.എ ഖാദർ രാജ്യത്തെ മതേതര സമൂഹത്തോട് മാപ്പ് പറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി. വംശീയതയും സവർണ്ണ രാഷ്ട്രസ്ഥാപനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ആർ.എസ്.എസ് ഒരുക്കുന്ന ഏത് വേദിയും പൊതുപ്രവർത്തകർ ബഹിഷ്‌കരിക്കേണ്ടതാണ്.
കെ.എൻ.എ ഖാദറിനെപ്പോലെ പരിചയ സമ്പന്നനായ നേതാവ് അബദ്ധവശാൽ അത്തരമൊരു വേദിയിൽ എത്തിപ്പെട്ടതായി കരുതാനാവില്ല. ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ വിശദീകരണം കൂടുതൽ അപകടകരമാണ്. ആർ.എസ്.എസിന് മതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂനപക്ഷങ്ങളെ വംശീയ ഉൻമൂലനം ചെയ്യലാണ് അവർ ലക്ഷ്യത്തിലേക്കുള്ള വഴിയായി കാണുന്നതെന്നും ഏതൊരു കൊച്ചു കുട്ടിക്കുപോലും അറിയാവുന്ന കാര്യമാണ്.
ഇന്ത്യയിൽ വംശീയ ഉന്മൂലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആർഎസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആവർത്തിച്ചു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളിൽ നിന്നും പലപ്പോഴും ഫാസിസ്റ്റ് അനുകൂല സമീപനങ്ങൾ ഉണ്ടാകുന്നതിനെ പറ്റി മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകൾ ഗൗരവത്തിൽ ആലോചിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16