'സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി, മാറിടം മുറിച്ചുമാറ്റി'; മൂന്ന് പ്രതികളും ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്
സ്ത്രീകളെ ഇലന്തൂരിൽ എത്തിക്കുമ്പോൾ പ്രതി ഷാഫി ഫോൺ ഉപയോഗിച്ചിരുന്നില്ല
കൊച്ചി: മനുഷ്യക്കുരുതി നടത്താൻ നരബലിക്കേസിലെ മൂന്ന് പ്രതികളും ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. പത്മത്തിന്‍റെ മൃതദേഹം 56 കഷണങ്ങളാക്കി ബക്കറ്റുകളിലാക്കിയാണ് കുഴിച്ചിട്ടത്. റോസ്‍ലിന്‍റെ മാറിടം ഭഗവൽസിങ് മുറിച്ച് മാറ്റിയതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. മൂന്ന് പ്രതികളെയും എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
വലിയ ഗൂഢാലോചനക്ക് ശേഷം നടത്തിയ മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരകൃത്യമാണ് പ്രതികള്‍ നടത്തിയത്. റോസ്‍ലിൻ്റെ കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ടതായും വായിൽ തുണി തിരുകി ജീവനോടെ സ്വകാര്യ ഭാഗത്ത് മൂന്നാം പ്രതി കത്തി കുത്തിയിറക്കിയതായും ശേഷം കഴുത്തറുത്തതായും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം പ്രതി റോസ്‍ലിന്‍റെ സ്വകാര്യ ഭാഗവും മാറിടവും മുറിച്ചുമാറ്റി. മൃതദേഹം കഷണങ്ങളാക്കി ബക്കറ്റിൽ വീടിന്‍റെ കിഴക്ക് വശത്തെ കുഴിയിലിട്ടു. സമാനമായ രീതിയിൽ പത്മയെയും കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ 56 കഷണങ്ങളാക്കി ബക്കറ്റുകളിലാക്കിയാണ് കുഴിച്ചിട്ടത്.
പൊലീസ് അന്വേഷണമെത്താതിരിക്കാൻ കൊലപാതകത്തിന് മുൻപ് തന്നെ വലിയ ആസൂത്രണമാണ് നടന്നത്. സ്ത്രീകളെ ഇലന്തൂരിൽ എത്തിക്കുമ്പോൾ പ്രതി ഷാഫി ഫോൺ ഉപയോഗിച്ചിരുന്നില്ല. കണിശതയോടെ കുറ്റകൃത്യം ചെയ്യുന്ന കുറ്റവാളിയെന്നാണ് ഷാഫിയെ പൊലീസ് വിശേഷിപ്പിച്ചത്. അഡ്വ ബി.എ ആളൂരാണ് പ്രതികൾക്കായി കോടതിയിൽ ഹാജരായത്. പ്രതികളെ കോടതിയിൽ നിന്ന് പുറത്തിറക്കിയപ്പോൾ അസഭ്യവർഷവുമായി നാട്ടുകാർ പൊലീസ് വാഹനം വളഞ്ഞു. ജില്ലാ ജയിലിലേക്ക് കൊണ്ടുപോയ പ്രതികളെ ഉടൻ കസ്റ്റഡിയിൽ വിട്ടുകിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Adjust Story Font
16