Quantcast

മകന്റെ മരണവിവരം അറിയുന്നത് ആശുപത്രിയില്‍ ജോലിക്കിടെ; കുഴഞ്ഞുവീണ് ധീരജിന്റെ അമ്മ

പ്ലസ്ടു പഠനംവരെ നാട്ടിൽ എസ്എഫ്‌ഐ അടക്കമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുമായും ധീരജിന്് ബന്ധമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും സിപിഎം പ്രാദേശിക നേതൃത്വവും നൽകുന്ന വിവരം

MediaOne Logo

Web Desk

  • Updated:

    2022-01-10 16:01:25.0

Published:

10 Jan 2022 1:30 PM GMT

മകന്റെ മരണവിവരം അറിയുന്നത് ആശുപത്രിയില്‍ ജോലിക്കിടെ; കുഴഞ്ഞുവീണ് ധീരജിന്റെ അമ്മ
X

തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിൽ നഴ്‌സാണ് കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ മാതാവ് കല. അൽപംമുൻപാണ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അമ്മ വിവരം അറിയുന്നത്. വിവരമറിഞ്ഞ് അമ്മ കുഴഞ്ഞുവീണു. തുടര്‍ന്ന് ആശുപത്രിയിലെ ജീവനക്കാർ ചേർന്നാണ് തൃച്ചംബരം പാൽക്കുളങ്ങരയിലെ വീട്ടിലെത്തിച്ചത്. നെഞ്ചുപൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് അയൽവാസിയും നാട്ടുകാരുമെല്ലാം. ഒന്നുമില്ല അമ്മേ എന്നു പറഞ്ഞ് ധീരജിന്റെ അനിയൻ അദ്വൈത് അമ്മയെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.

കുടുംബത്തിൽ ആർക്കും രാഷ്ട്രീയപശ്ചാത്തലമില്ല

സജീവരാഷ്ട്രീയ പ്രവർത്തകരല്ല അച്ഛൻ രാജേന്ദ്രനും അമ്മയും. എൽഐസി ഏജന്റാണ് രാജേന്ദ്രൻ. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. സ്വതന്ത്ര നിലപാടുകാരനാണ് ഇദ്ദേഹം. അമ്മ കുവ്വോട് ആയുർവേദ ആശുപത്രിയിൽ നഴ്‌സാണ്. ഇവിടെ ഇടതുപക്ഷ നഴ്‌സിങ് അസോസിയേഷനിൽ അംഗമാണെങ്കിലും രാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവമല്ല. അനിയനും രാഷ്ട്രീയപ്രവർത്തനമൊന്നുമില്ല.

ധീരജ് പ്ലസ്ടു കഴിഞ്ഞ ശേഷമാണ് എൻജിനീയറിങ് പഠനത്തിനായി ഇടുക്കിയിലേക്ക് പോകുന്നത്. പ്ലസ്ടു പഠനംവരെ നാട്ടിൽ എസ്എഫ്‌ഐ അടക്കമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുമായും ധീരജിന് ബന്ധമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും സിപിഎം പ്രാദേശിക നേതൃത്വവും പറയുന്നത്. എൻജിനീയറിങ് കോളേജിൽ എത്തിയ ശേഷമാണ് എസ്എഫ്‌ഐയുമായി അടുക്കുന്നതും പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമാകുന്നതും.

വാടകവീട്ടിൽനിന്നു പുതിയ വീട്ടിലേക്ക് മാറിയത് അടുത്തിടെ

പാൽകുളങ്ങരയിൽ ഏറെക്കാലമായി വാടകവീട്ടിലായിരുന്നു താമസം. അടുത്ത കാലത്താണ് പുതിയ വീട് വച്ച് ഇങ്ങോട്ടേക്ക് താമസം മാറ്റിയത്. ഇതിനു പിന്നാലെയാണ് ധീരജിന്റെ ദാരുണമായ മരണം. പഠനവുമായി ബന്ധപ്പെട്ട് മൂന്നു വർഷമായി ധീരജ് കൂടുതൽ സമയവും ഇടുക്കിയിൽ തന്നെയായിരുന്നു. അച്ഛനും അമ്മയും അനുജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ക്രിസ്മസ് അവധിക്ക് വന്ന ധീരജ് കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരിച്ചുപോയത്.

ഇവരുടെ അടുത്ത ബന്ധുക്കളായും സമീപത്തൊന്നുമില്ല. അച്ഛൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. അമ്മ കല അരീക്കമല സ്വദേശിയും. അരീക്കമലയിൽനിന്ന് മാതാവിന്റെ ബന്ധുക്കൾ ഇങ്ങോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.

സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവർ ഇടുക്കിയിലേക്ക് പോകുന്നില്ല എന്നാണ് അറിയുന്നത്. മൃതദേഹം കണ്ണൂരിലേക്കാണോ തിരുവനന്തപുരത്തേക്കാണോ കൊണ്ടുപോകുന്നതെന്ന കാര്യം തീരുമാനമായിട്ടില്ല.

TAGS :

Next Story