മരണം ഉറപ്പാക്കാൻ ശരീരത്തിൽ കടിച്ചു നോക്കി; കുഞ്ഞിനെ കൊല്ലാൻ മുമ്പും ശ്രമിച്ചതായി ഷാനിഫ്
കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ച് സ്വാഭാവിക മരണം ഉറപ്പുവരുത്താൻ ആയിരുന്നു നീക്കം
കൊച്ചി: കൊച്ചിയിലെ ലോഡ്ജ് മുറിയിൽ ഒന്നരമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പോലീസ്. കാൽമുട്ട് കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നും മരണം ഉറപ്പുവരുത്താൻ കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്നും പ്രതി ഷാനിഫ് മൊഴി നൽകി. ഷാനിഫിനൊപ്പം കുഞ്ഞിന്റെ അമ്മ അശ്വതിയുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തും.
ഈ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ അശ്വതിയും സുഹൃത്ത് കണ്ണൂർ സ്വദേശി ഷാനിഫും കറുകപ്പള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. ഞായറാഴ്ച രാവിലെ കുഞ്ഞിന് അനക്കമില്ലെന്നു പറഞ്ഞ് ഇരുവരും കുഞ്ഞുമായി ആശുപത്രിയിൽ എത്തി. അന്ന് തന്നെ കുഞ്ഞിന്റെ തലയിലും ശരീരത്തിലും മുറിവേറ്റതിന്റെ പാടുകൾ കണ്ടത് ഡോക്ടർമാരിൽ സംശയത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നത്. തുടർന്ന് ഇരുവരെയും എളമക്കര പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി ഷാനിഫ് കുറ്റസമ്മതം നടത്തി.
കുഞ്ഞിനെ കാൽമുട്ടുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും മരണം ഉറപ്പാക്കാൻ ശരീരത്തിൽ കടിച്ചുവെന്നും ഷാനിഫ് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത്തിന്റെ ഭാഗമായി ഷാനിഫിന്റെ ഉമിനീർ പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ച അന്നുതന്നെ കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നു. നിരന്തരമായി ഉപദ്രവിച്ച് ചെറിയ പരിക്കുകൾ ഏൽപ്പിച്ചുകൊണ്ട് സ്വാഭാവിക മരണം ഉറപ്പുവരുത്താൻ ആയിരുന്നു നീക്കം. ഇത് പരാജയപ്പെട്ടതോടെയാണ് ലോഡ്ജിൽ മുറിയെടുത്ത് കൊലപ്പെടുത്താമെന്ന് പ്രതി തീരുമാനിച്ചത്.
അമ്മ അശ്വതിക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. ഷാനിഫ് കുഞ്ഞിനെ കൊലപ്പെടുത്താൻ ഒരുങ്ങുന്നത് അശ്വതിക്ക് അറിയാമായിരുന്നു. കുഞ്ഞിനെ കൊന്ന വിവരം അശ്വതി മറച്ചുവെച്ചുവെന്നും പോലീസ് കൂട്ടിച്ചേർത്തു. അശ്വതിക്ക് മറ്റൊരു ബന്ധത്തിൽ ജനിച്ച കുഞ്ഞിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Adjust Story Font
16