കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകർക്ക് കോർപ്പറേഷന്റെ നോട്ടീസ്
അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശിച്ചുമാണ് മൃദംഗ വിഷൻ എന്ന സംഘടനക്ക് നോട്ടീസ് അയച്ചത്.
കൊച്ചി: ഉമാ തോമസ് എംഎൽഎക്ക് മാരക പരിക്കേറ്റ കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകർക്ക് കോർപറേഷന്റെ നോട്ടീസ്. അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശിച്ചുമാണ് മൃദംഗ വിഷൻ എന്ന സംഘടനക്ക് നോട്ടീസ് അയച്ചത്.
കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്ക് സാധാരണഗതിയിൽ കോർപറേഷന്റെ പിപിആർ ലൈസൻസ് നിർബന്ധമാണ്. പിപിആർ ലൈസൻസ് എടുക്കാതെ ഗ്യാലറിയിൽ സ്റ്റേജ് നിർമിച്ച് പരിപാടി നടത്തിയതിന്റെ കാരണം വിശദീകരിക്കണമെന്നാണ് റവന്യൂ വിഭാഗം നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നത്. വിനോദ നികുതി വെട്ടിച്ചതിനാണ് രണ്ടാമത്തെ നോട്ടീസ്.
പരിപാടി കാണാൻ എത്തിയവർക്ക് പണം വാങ്ങി വിറ്റ ടിക്കറ്റുകളുടെ എണ്ണം, ടിക്കറ്റുകളുടെ നിരക്ക്, ലഭിച്ച പണം എത്ര തുടങ്ങിയ വിവരങ്ങൾ ഹാജരാക്കണമെന്നാണ് രണ്ടാമത്തെ നോട്ടീസിൽ ആവശ്യപ്പെടുന്നത്. വയനാട് ആസ്ഥാനമായ മൃദംഗവിഷൻ എന്ന സംഘടനക്കാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. കലാകാരൻമാർ അടക്കം 30,000 പേർ പങ്കെടുത്ത നൃത്ത പരിപാടി ഒരു അനുമതിയും വാങ്ങാതെ നടത്തിയെന്നാണ് കോർപറേഷന്റെ വാദം.
Adjust Story Font
16