Quantcast

കൊച്ചി ലഹരിമരുന്ന് കേസ് അട്ടിമറി; ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍, സി.ഐ ഉൾപ്പെടെ നാല് പേര്‍ക്ക് സ്ഥലംമാറ്റം

എക്സൈസ് അഡീഷണൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേലാണ് നടപടി. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-08-26 16:11:28.0

Published:

26 Aug 2021 4:07 PM GMT

കൊച്ചി ലഹരിമരുന്ന് കേസ് അട്ടിമറി; ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍, സി.ഐ ഉൾപ്പെടെ നാല് പേര്‍ക്ക് സ്ഥലംമാറ്റം
X

കൊച്ചി ലഹരിമരുന്ന് കേസ് അട്ടിമറിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇന്‍സ്പെക്ടര്‍ ശങ്കറിനെ സസ്പെന്‍ഡ് ചെയ്തു. സി.ഐ ഉൾപ്പെടെ നാല് പേരെ സ്ഥലം മാറ്റി. എക്സൈസ് അഡീഷണൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേലാണ് നടപടി. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമേയാണ് വകുപ്പുതല അന്വേഷണം. മഹസറില്‍ കൃത്യമായി കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ആദ്യ ഘട്ടത്തിലെ കണ്ടെത്തല്‍. മറ്റ് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് വരുന്നതിനനുസരിച്ചാകും തുടര്‍നടപടികള്‍.

ഒരു കിലോ 86 ഗ്രാം എംഡിഎംഎയായിരുന്നു കാക്കനാട് നിന്ന് പിടിച്ചെടുത്തത്. എന്നാൽ പ്രതികളുടെ പേരിൽ രേഖപ്പെടുത്തിയത് വെറും 86 ഗ്രാം എം.ഡി.എംഎ മാത്രമാണ്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എം.ഡി.എം.എ കണ്ടെത്തിയതെന്നാണ് മഹസര്‍. ബാഗ് കണ്ടെത്തിയതില്‍ പ്രതികളില്ലെന്ന പേരില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്തു. കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് കഴിഞ്ഞ വ്യാഴം പുലര്‍ച്ചെയാണ് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവതിയടക്കം അഞ്ചുപേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 86 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു.

പിന്നീട് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ബാഗില്‍ നിന്ന് ഒരുകിലോയിലധികം എംഡിഎംഎ കൂടി പിടിച്ചു. എന്നാല്‍ ഏതോ ഒരു വഴിപോക്കന്‍ നല്‍കിയ വിവരമനുസരിച്ചാണ് പ്രതികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ഒരു കിലോ എം‍‍.ഡി.എം.എ അടങ്ങിയ ബാഗ് കണ്ടെത്തിയെന്ന് മഹസറില്‍ ചേര്‍ത്തു. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നുമാണ് രേഖകളിലുള്ളത്. ബാഗ് കണ്ടെടുത്തതില്‍ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു. ഇതോടെ 86 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിന് മാത്രമാണ് അഞ്ച പേര്‍ക്കെതിരെ കേസ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ തെളിവുണ്ടായിട്ടും ചോദ്യം പോലും ചെയ്യാതെ വിട്ടയച്ചതായും ആക്ഷേപമുണ്ട്.

TAGS :

Next Story