Quantcast

'നൈറ്റ് ഡ്രോപ്പർ'; കൊച്ചി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികൾ പിടിയിൽ

കൊടുങ്ങല്ലൂർ എടവിലങ്ങ് കോതപറമ്പ് സ്വദേശികളായ തേപറമ്പിൽ വീട്ടിൽ ആഷിക് അൻവർ (24), വടക്കേ തലക്കൽ വീട്ടിൽ ഷാഹിദ് (27) വൈപ്പിൻ കാട്ടിൽ വീട്ടിൽ അജ്മൽ (23) എന്നിവരാണ് എക്‌സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    21 Dec 2023 12:56 PM GMT

Kochi drug racket arrested
X

കൊച്ചി: നൈറ്റ് ഡ്രോപ്പർ ടാസ്‌ക് ടീം എന്ന മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനികൾ എക്‌സൈസ് പിടിയിൽ. കൊടുങ്ങല്ലൂർ എടവിലങ്ങ് കോതപറമ്പ് സ്വദേശികളായ തേപറമ്പിൽ വീട്ടിൽ ആഷിക് അൻവർ (24), വടക്കേ തലക്കൽ വീട്ടിൽ ഷാഹിദ് (27) വൈപ്പിൻ കാട്ടിൽ വീട്ടിൽ അജ്മൽ (23) എന്നിവരാണ് എക്‌സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 10 എൽ.എസ്.ഡി സ്റ്റാമ്പ്, 0.285 ഗ്രാം എം.ഡി.എം.എ 50 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇവർ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച ആഡംബര കാറും, മൂന്ന് സ്മാർട്ട് ഫോണുകളും 3000 രൂപയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

വലിയ ഇടവേളക്ക് ശേഷമാണ് ഇത്രയുമധികം എൽ.എസ്.ഡി സ്റ്റാമ്പ് പിടിച്ചെടുക്കുന്നത്. അഞ്ചെണ്ണം കൈവശംവച്ചാൽ തന്നെ 20 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കൃത്യമാണ്. മയക്കുമരുന്നുകളുമായി ഒരു തരത്തിലും പിടിക്കപ്പെടാതിരിക്കാൻ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നവരുടെ സംഘമാണ് നൈറ്റ് ഡ്രോപ്പർമാർ. സോഷ്യൽ മീഡിയ വഴി ഇവരോട് മയക്കുമരുന്ന് ആവശ്യപ്പെട്ടാൽ ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇവരുടെ ടീമിന്റെ അക്കൗണ്ടിലേക്ക് പണം അയക്കുവാൻ ആവശ്യപ്പെടുന്നതാണ് ആദ്യ പടി. പണം ലഭിച്ചാൽ ആളുകൾ ശ്രദ്ധിക്കാത്ത ഇടങ്ങളിൽ വെള്ളം നനയാത്ത രീതിയിൽ മയക്കുമരുന്ന് പാക്ക് ചെയ്ത് സുരക്ഷിതമായി വെക്കുന്നു. അതിന് ശേഷം പ്രത്യേക തരം കോഡ് ഉള്ള ഒരു നമ്പറിൽനിന്ന് മരുന്ന് ആവശ്യപ്പെടുന്നവരുടെ വാട്ട്‌സ് ആപ്പിലേക്ക് ഇത് ഇട്ടിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും മയക്കുമരുന്ന് വച്ചിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയും അയച്ചു കൊടുക്കുന്നു. കൂടാതെ ഡ്രോപ്പ് കംപ്ലീറ്റഡ് എന്ന മെസേജും വരുന്നു. ആവശ്യക്കാരൻ ലൊക്കേഷൻ പ്രകാരം ഈ സ്ഥലത്ത് എത്തി മയക്കുമരുന്ന് എടുത്തുകൊണ്ടുപോകുകയാണ് ചെയ്തിരുന്നത്.

ഇത് മൂലം ഡ്രോപ്പ് ചെയ്യുന്നവരും ഡ്രോപ്പ് ചെയ്ത മയക്കുമരുന്ന് എടുക്കാൻ വരുന്നവരും തമ്മിൽ ഒരിക്കലും പരസ്പരം കണ്ട് മുട്ടുന്നില്ല. പണം വാങ്ങി കഴിഞ്ഞാൽ സാധനം കൃത്യമായി എത്തിച്ച് നൽകുന്നു എന്ന വിശ്വാസ്യത ഇവർ ആവശ്യക്കാരുടെ ഇടയിൽ നിന്ന് നേടിയിരുന്നു. അടുത്തിടെ പിടിയിലായ ആളുകൾ ഇവരുടെ കാര്യം തന്നെ ആവർത്തിച്ച് പറയുന്നതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെൻറ് അസി.കമ്മീഷണറുടെ മേൽ നോട്ടത്തിലുള്ള പ്രത്യേക സംഘവും എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് മയക്കുമരുന്നുമായി പിടിയിലായവർ പറഞ്ഞ സ്ഥലങ്ങളിലുള്ള സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഈ സ്ഥലങ്ങളിൽ എല്ലാം ചുവപ്പ് നിറത്തിലുളള ആഡംബര കാറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അർദ്ധ രാത്രിയോട് കൂടി മാത്രം പുറത്തിറങ്ങുന്ന ഈ വാഹനം എക്‌സൈസ് സംഘം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ വാഹനത്തെ അതീവരഹസ്യമായി പിന്തുടർന്ന എക്‌സൈസ് സംഘം വൈറ്റില പൊന്നുരുന്നി സർവീസ് റോഡിൽ ഈ വാഹനം നിറുത്തി അനുയോജ്യമായ സ്ഥലം കണ്ടെത്തി മയക്കുമരുന്ന് ഡ്രോപ്പ് ചെയ്യാൻ എത്തിയ ഇവരെ വളയുകയായിരുന്നു.

സംഘം പെട്ടെന്ന് വാഹനം സ്റ്റാർട്ട് ചെയ്ത് കടന്നുകളയാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം ഡിപ്പാർട്ട്‌മെന്റ് വാഹനം കുറുകെയിട്ട് സർവീസ് റോഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച മൂവരേയും നാട്ടുകാരുടെ കൂടി സഹായത്തോയൊണ് എക്‌സൈസ് പിടികൂടിയത്. ഏറെ നേരത്തെ മൽപ്പിടിത്തത്തിന് ശേഷമാണ് എക്‌സൈസ് സംഘത്തിന് ഇവരെ കസ്റ്റഡിയിൽ എടുക്കുവാൻ ആയത്. 450 മൈക്രോൺസ് വരെ കണ്ടന്റ് ഉള്ള അത്യന്തം വിനാശകാരിയായ 'അൾട്രാ ഗണേഷ്' വിഭാഗത്തിൽപ്പെടുന്ന ത്രീ ഡോട്ടഡ് സ്റ്റാമ്പുകളാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. സാധരണ ഡി.ജെ പാർട്ടി പോലുള്ളവയിൽ ക്ഷീണമറിയാതെ മണിക്കൂറുകളോളം നിന്ന് ഡാൻസ് ചെയ്യാനാണ് ഇവ വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഇതിന്റെ ഉപയോഗം പതിയെ പതിയെ വിഷാദരോഗത്തിന് അടിമയാകുവാൻ ഇടയാക്കുന്നതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ഇവർ പിടിയിലായതോടെ കൊച്ചിയിൽ തമ്പടിച്ചിരിക്കുന്ന വൻ സംഘത്തെക്കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്തതായും വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എൻഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണർ ടി.എൻ. സുധീർ അറിയിച്ചു. ഐ.ബി. ഇൻസ്‌പെക്ടർ എസ്. മനോജ് കുമാർ, എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എൻ.ഡി ടോമി, എൻ.എം മഹേഷ്, സി.ഇ.ഒമാരായ പത്മഗിരീശൻ, ബിജു ഡി.ജെ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

TAGS :

Next Story