കൊച്ചി എൻഐഎ കേസ്; പിഎഫ്ഐ നേതാക്കൾ റിമാൻഡിൽ
ശനിയാഴ്‌ച എൻഐഎ കസ്റ്റഡി അപേക്ഷ പരിഗണിക്കും
കൊച്ചി: തീവ്രവാദ ബന്ധം ആരോപിച്ച് കൊച്ചി എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കൾ റിമാൻഡിൽ. അറസ്റ്റിലായ ഒഎംഎ സലാം, കെപി നാസറുദ്ദീൻ എളമരം, മുഹമ്മദ് ബഷീർ, ഷഫീർ കെപി, ഇ അബൂബക്കർ, പി കോയ, ഇഎം അബ്ദുൽ റഹ്മാൻ എന്നിവരെയാണ് ഒരു മാസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്.
ശനിയാഴ്‌ച എൻഐഎ കസ്റ്റഡി അപേക്ഷ പരിഗണിക്കും. കാസർകോടുള്ള ഒരു പ്രതിയെ കൂടി എത്തിക്കാനുണ്ടന്ന് എൻഐഎ അറിയിച്ചു. സിടി സുലൈമാനെയാണ് കോടതിയിൽ ഹാജരാക്കാനുള്ളത്. കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഇതിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അതീവ ഗുരുതര ആരോപണങ്ങളാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്. തീവ്രവാദ സംഘടനകളായ ഐഎസ്, അൽ ക്വയ്ദ, തുടങ്ങിയ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന രീതിയിൽ പിഎഫ്ഐ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാന ആരോപണം.
കൂടാതെ, സർക്കാർ നയങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ഒരു പ്രത്യേക വിഭാഗത്തിനിടെ സർക്കാർ വിരുദ്ധ വികാരം സൃഷ്ടിച്ചുവെന്നും എൻഐഎ പറയുന്നു. ഇന്നത്തെ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. അതിനാൽ, പ്രതികളെ റിമാൻഡിൽ വിടണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
Adjust Story Font
16