കൊടകര കുഴല്‍പ്പണ കവർച്ച: 5.77 ലക്ഷം രൂപ കൂടി കണ്ടെടുത്തു
പ്രധാന പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പണം കണ്ടെത്തിയത്
കൊടകര ബിജെപി കുഴല്‍പ്പണ കവർച്ചാകേസിൽ 5.77 ലക്ഷം രൂപകൂടി കണ്ടെടുത്തു. പ്രധാന പ്രതികളായ അലി, റഹീം എന്നിവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പണം കണ്ടെത്തിയത്.
അലിയും റഹീമും സുഹൃത്തുക്കളെ ഏൽപിച്ച സംഖ്യയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. ഇവർ കടംവാങ്ങുകയും മടക്കിനൽകുകയും ചെയ്ത തുകയാണ് ഇതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കേസിൽ ആകെ മൂന്നര കോടിയാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്ന് പിടികൂടിയതടക്കം കണ്ടെടുത്ത തുക ഒന്നര കോടിക്കടുത്തായിട്ടുണ്ട്.
പ്രതികളുടെ ജാമ്യാപേക്ഷയിൽ 30ന് വിധി പറയാനിരിക്കെയാണ് കൂടുതൽ തുക അന്വേഷണസംഘം കണ്ടെടുത്തത്. ബുധനാഴ്ചയ്ക്കുമുൻപായി കവർച്ച ചെയ്ത തുക പൂർണമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സംഭവത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചോദ്യം ചെയ്യലും പരിശോധനകളും തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ അടുത്തമാസം കുറ്റപത്രം സമർപ്പിച്ചേക്കും.
തെരഞ്ഞെടുപ്പ് ചെലവിനായി ബിജെപി കർണാടകയിൽനിന്ന് കൊണ്ടുവന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ വിവരം നൽകിയിരിക്കുന്നത്. സംഘടന സെക്രട്ടറി എം. ഗണേഷ്, ഓഫിസ് സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർക്ക് പണം വരുന്നതായി അറിയാമായിരുന്നെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16