കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ആരംഭിച്ചതായി ഇ.ഡി ഹൈക്കോടതിയിൽ
കൊടകര കുഴൽപ്പണ കേസിൽ വിശദമായ ആന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: കൊടകര കുഴൽപ്പണകേസിൽ ഇസിഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഇ.ഡി ഹൈക്കോടതിയിൽ. പണത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതായും പലരുടെയും മൊഴിരേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി അറിയിച്ചു. കൊടകര കുഴൽപ്പണ കേസിൽ വിശദമായ ആന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊടകര കുഴൽപ്പണകേസിൽ കഴിഞ്ഞ വർഷം ജനുവരി 30ന് ഇസിഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായാണ് ഇ.ഡികോടതിയെ അറിയിച്ചത്. കൊടകര പൊലീസ് കൈമാറിയ അന്തിമ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കേസിൽ പ്രാഥമിക നടപടികൾ ആരംഭിച്ചത്. ആഴത്തിൽ അന്വേഷണം നടത്തേണ്ട വിഷയമാണെന്നും പണത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഇ.ഡി സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. നിരവധി ആളുകളുടെ മൊഴി കേസുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയതായും ഇ.ഡി വ്യക്തമാക്കുന്നു.
കുഴൽപ്പണകേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ഇ.ഡി നിലപാട് വ്യക്തമാക്കിയത്. 2021 നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ മൂന്നരക്കോടി രൂപ ബി.ജെ.പിക്കായി കേരളത്തിൽ എത്തിയെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് ആംആദ്മി പാർട്ടിയുടെ ആവശ്യം. കള്ളപ്പണക്കേസിൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്യാൻ വൈകുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ഇ.ഡി കോടതിയിൽ നിലപാട് അറിയിച്ചത്.2021 ഏപ്രിൽ നാലിനാണ് കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കർണാടകയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച ബി.ജെ.പിയുടെ പണമാണ് മൂന്നരക്കോടിയെന്ന് പിന്നീടുള്ള പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Adjust Story Font
16