Quantcast

'കൊള്ളരുതായ്മകളെ ന്യായീകരിക്കാന്‍ ഖുർആനെ കൂട്ടുപിടിച്ച ജലീലിന് ഖുർആൻ ഇറങ്ങിയ മാസം തന്നെ രാജിവെക്കേണ്ടിവന്നു'

എല്ലാ കൊള്ളരുതായ്മകളും ചെയ്തിട്ട് അതിനെ ന്യായീകരിക്കാന്‍ ഖുർആനെയും ഹദീസിനെയും കൂട്ടുപിടിച്ച ജലീലിന് റമദാന്‍ ഒന്നിന് തന്നെ രാജിവെയ്ക്കേണ്ടിവന്നു എന്നാണ് കൊടിക്കുന്നില്‍ സുരേഷിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    13 April 2021 2:17 PM GMT

കൊള്ളരുതായ്മകളെ ന്യായീകരിക്കാന്‍ ഖുർആനെ കൂട്ടുപിടിച്ച ജലീലിന് ഖുർആൻ ഇറങ്ങിയ മാസം തന്നെ രാജിവെക്കേണ്ടിവന്നു
X

ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ച കെ ടി ജലീലിനെ വിമര്‍ശിച്ച് കൊടിക്കുന്നിൽ സുരേഷ്​ എം.പി. എല്ലാ കൊള്ളരുതായ്മകളും ചെയ്തിട്ട് അതിനെ ന്യായീകരിക്കാന്‍ ഖുർആനെയും ഹദീസിനെയും കൂട്ടുപിടിച്ച ജലീലിന് റമദാന്‍ ഒന്നിന് തന്നെ രാജിവെയ്ക്കേണ്ടിവന്നു എന്നാണ് കൊടിക്കുന്നില്‍ സുരേഷിന്‍റെ പ്രതികരണം.

''സത്യം ജയിച്ചു. എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാൻ ഖുർആനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന്‌ ഖുർആൻ ഇറങ്ങിയ റമദാൻ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും. ഏവർക്കും റമദാൻ മുബാറക്.'' എന്നാണ് കൊടിക്കുന്നില്‍ സുരേഷിന്‍റെ പ്രതികരണം.

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ തന്‍റെ ബന്ധുവായ കെ ടി അദീബിനെ കെ ടി ജലീല്‍ നിയമിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീല്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. ജലീല്‍ നല്‍കിയ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. ഉച്ചയോടെ ഗവര്‍ണര്‍ രാജി സ്വീകരിച്ചു. മാര്‍ക്ക് ദാനം അടക്കമുള്ള പല വിവാദങ്ങളും ഉയര്‍ന്ന് വന്നപ്പോഴും ജലീലിനെ സംരക്ഷിച്ചിരുന്ന സിപിഎമ്മിന് ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മുന്‍പെയുണ്ടായ വിധിയെ തള്ളിക്കളയാന്‍ കഴിഞ്ഞില്ല.

രാജിവെയ്ക്കുന്നതാണ് നല്ലതെന്ന സിപിഎം നിലപാട് കോടിയേരി ബാലകൃഷ്ണന്‍ ജലീലിനെ അറിയിച്ചു. ഹൈക്കോടതിയിലെ അപ്പീലിന്‍റെ കാര്യം ജലീല്‍ സൂചിപ്പിച്ചെങ്കിലും മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും നിലപാട് കോടിയേരി ആവര്‍ത്തിച്ചു. ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിയും തുടര്‍ഭരണമുണ്ടായാല്‍ ഈ കേസ് നിലനില്‍ക്കുന്നതിലെ പ്രതിസന്ധിയുമെല്ലാം സിപിഎം പരിഗണിച്ചതായാണ് വിവരം.

അതേസമയം തന്‍റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്ന് ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചു. കഴിഞ്ഞ രണ്ട് വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് താന്‍ ഇരയായി. മാധ്യമ, അന്വേഷണ സംഘങ്ങൾ ഉൾപ്പെടെ ഏത് അന്വേഷണ ഏജൻസികൾക്കും ഇനിയും ആയിരം വട്ടം തന്‍റെ വീട്ടിലേക്ക് സ്വാഗതം. അപ്പീല്‍ കോടതി വിധിക്ക് കാത്ത് നിൽക്കാതെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ച് രാജി വെക്കുന്നുവെന്നാണ് ജലീല്‍ പ്രതികരിച്ചത്.

TAGS :

Next Story