'ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഡി.സി.സി പട്ടിക പ്രസിദ്ധീകരിക്കാനാകില്ല' കൊടിക്കുന്നില്‍ സുരേഷ്
ആരെങ്കിലും അവഗണിക്കപ്പെട്ടെങ്കിൽ അവർക്ക് മറ്റ് സ്ഥാനങ്ങൾ നൽകുമെന്നും കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി
ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഡി.സി.സി പട്ടിക പ്രസിദ്ധീകരിക്കാനാകില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. ആരെങ്കിലും അവഗണിക്കപ്പെട്ടെങ്കിൽ അവർക്ക് മറ്റ് സ്ഥാനങ്ങൾ നൽകുമെന്നും കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
എന്നാല്‍ ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ഡി.സി.സി ഭാരവാഹി പട്ടിക വൈകുന്നത് മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് ഉടന്‍ പട്ടിക പ്രഖ്യാപിക്കാനുളള ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്. ഡി.സി.സി അധ്യക്ഷൻമാരുടെ ചുരുക്ക പട്ടിക കെ സുധാകരൻ ഹൈക്കമാന്‍ഡിന് കൈമാറിയിട്ട് ദിവസങ്ങളായി. ആവശ്യമായ ചർച്ച നടത്തിയില്ലെന്ന പരിഭവവുമായി ഇതിനിടെ മുതിർന്ന നേതാക്കൾ ഇടഞ്ഞുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പരാതി സോണിയാ ഗാന്ധിയുടെ മുന്നിൽ എത്തിയതോടെ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന് നിർദേശം നല്‍കി. ഇതോടെ തീരുമാനം വീണ്ടും വൈകി. താരിഖ് അൻവർ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും മഞ്ഞുരുകിയില്ല.
Adjust Story Font
16